ചെന്നൈയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ മരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റഗ്രാമിലും യുട്യൂബിലുമായി 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ‘ഫൈനാൻസ് വിത്ത് ഹരീഷ്’ എന്ന ജനപ്രിയ ബ്രാൻഡ് നടത്തിയിരുന്ന വി.
ഹരീഷിനെ (27) ആണ് ചെന്നൈയിലെ വാടക വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സ്വകാര്യ കമ്പനി സിഇഒയുടെ ഭാഗത്തുനിന്നുണ്ടായ സൈബർ ഭീഷണിയാണ് യുവാവിന്റെ ജീവനൊടുക്കാൻ കാരണമെന്ന് അദ്ദേഹത്തിന്റെ പിതാവ് ആരോപിച്ചു.
സ്വകാര്യ കമ്പനി സിഇഒയുടെ പരാതിയെ തുടർന്ന് ഹരീഷിന്റെ ഒറിജിനൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ ഡിസേബിൾ ചെയ്തിരുന്നു. തുടർന്ന് പുതിയ അക്കൗണ്ട് ആരംഭിച്ച് വീഡിയോകൾ പങ്കുവെച്ചു വരികയായിരുന്നു അദ്ദേഹം.
ഈ സംഭവവികാസങ്ങളെ തുടർന്ന് മകൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പിതാവ് വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എന്നാൽ, ഹരീഷ് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബന്ധപ്പെട്ട കമ്പനി സിഇഒയുടെ വിശദീകരണം.
ഈ ദാരുണ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. *(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)*

