സംസ്ഥാനത്ത് കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തമിഴ്നാട് തീരത്തുത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ വരെ ഉയരത്തിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്.
ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതേ മേഖലയിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, തായ്ലൻഡ് കടലിടുക്കിനും അതിനോട് ചേർന്ന തായ്ലൻഡ്, മ്യാൻമർ പ്രദേശത്തിനും മുകളിലായി മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്.
ഈ ചക്രവാതം വരുന്ന 21ന് രാവിലെയോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. തുടർന്ന് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്ന ഇതിന്റെ ഫലമായി 23-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ ഇടയുണ്ട്.
ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഈ കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട
സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലവിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

