ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നു. ഈ നിർണായക കരാർ നിലവിൽ വരുന്നതോടെ, രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്ന മുഴുവൻ ഉൽപന്നങ്ങളും അതായത് 8284 ഇനങ്ങൾ ഇനി തിരുവ രഹിതമായി വിദേശ വിപണിയിലെത്തും.
ഇതുവരെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക്മേൽ ശരാശരി 2.2% ഇറക്കുമതി തീരുവയാണ് ന്യൂസീലൻഡ് ഈടാക്കിയിരുന്നത്. ഇതിൽ തുണിത്തരങ്ങൾ, സെറാമിക്സ്, വിവിധ ഓട്ടോമൊബീൽ ഉൽപന്നങ്ങൾ അടക്കമുള്ള 450-ഓളം ഇനങ്ങൾക്ക് 10% വരെ ഉയർന്ന തീരുവയാണ് ചുമത്തിയിരുന്നത്.
മറുഭാഗത്ത്, ന്യൂസീലൻഡിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന മൊത്തം ഇറക്കുമതി ഇനങ്ങളുടെ 70.03% (ഇറക്കുമതി മൂല്യത്തിന്റെ 95%) ഉൽപന്നങ്ങളുടെ തീരുവ പൂർണ്ണമായി ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. ആപ്പിൾ, കിവിപ്പഴം, തേൻ തുടങ്ങിയ കാർഷിക-ഭക്ഷ്യ ഉൽപന്നങ്ങൾ കർശനമായ ക്വോട്ട
വ്യവസ്ഥയോടെയായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുക. ഇതിൽ ആപ്പിളിന്റെ കാര്യത്തിൽ ആദ്യ വർഷം പ്രത്യേക ക്വോട്ട
നിയന്ത്രണങ്ങൾ ഉണ്ടാകില്ലെങ്കിലും, രണ്ടാം വർഷം മുതൽ ഇത് 35,000 ടണ്ണായി പരിമിതപ്പെടുത്തും. തുടർന്ന് വരുന്ന മൂന്നും നാലും അഞ്ചും വർഷങ്ങളിൽ യഥാക്രമം 37,500 ടൺ, 40,000 ടൺ, 42,500 ടൺ എന്നിങ്ങനെയാണ് ക്വോട്ട
ഉയർത്തുക. ആറാം വർഷം മുതൽ ഇത് പ്രതിവർഷം സ്ഥിരമായി 45,000 ടൺ ആയി നിശ്ചയിച്ചിട്ടുണ്ട്.
നിലവിൽ ന്യൂസീലൻഡ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ഈടാക്കിവരുന്ന ശരാശരി തീരുവയായ 16.2 ശതമാനം, ഈ പുതിയ കരാറിന്റെ ഭാഗമായി ഘട്ടംഘട്ടമായി കുറച്ച് 9.06 ശതമാനമായി പുനഃക്രമീകരിക്കും. ഈ വ്യാപാരക്കരാറിന്റെ ഭാഗമായി പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും വലിയ തൊഴിൽ അവസരങ്ങളാണ് തുറക്കപ്പെടുന്നത്.
കരാർ പ്രകാരം പ്രതിവർഷം 1667 ഇന്ത്യക്കാർക്ക് മൂന്ന് വർഷം വരെ കാലാവധിയുള്ള താൽക്കാലിക തൊഴിൽ വീസ ലഭിക്കും. ഇതിൽ 1446 വീസകളും ന്യൂസീലൻഡിൽ തൊഴിൽക്ഷാമം നേരിടുന്നതും ജീവനക്കാരെ കൂടുതൽ ആവശ്യമുള്ളതുമായ 13 സ്കിൽഡ് മേഖലകൾക്കായിരിക്കും (ഉദാഹരണത്തിന് മെഡിക്കൽ, എൻജിനീയറിങ്, നിർമാണമേഖല തുടങ്ങിയവ).
ബാക്കി വരുന്ന ഒഴിവുകളിൽ യോഗ അധ്യാപകർ, സംഗീതജ്ഞർ, ഷെഫുമാർ, ആയുർവേദ പ്രാക്ടീഷനർമാർ തുടങ്ങിയ വിഭാഗത്തിലുള്ളവർക്കാണ് മുൻഗണന ലഭിക്കുക. ഏത് സമയത്തും ഇത്തരം പ്രത്യേക വീസകളുടെ പരമാവധി എണ്ണം 5000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

