ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം കാർത്തികപ്പള്ളിയിൽ കടുത്ത പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ദയനീയവസ്ഥ പുറത്തുവരുന്നു. കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രാഹുൽ ആണ് കഴിഞ്ഞ ദിവസം അനീമിയ ബാധിച്ചു മരണപ്പെട്ടത്.
മൂന്നു വർഷം മുൻപ് ഇവരുടെ മറ്റൊരു മകനും സമാനമായ രീതിയിൽ ജീവൻ വെടിഞ്ഞിരുന്നു. കളിച്ചു നടക്കേണ്ട
പ്രായത്തിൽ താഴെയുള്ള സഹോദരങ്ങൾക്ക് അമ്മയുടെ സ്ഥാനത്തുനിന്ന് പരിചരണം നൽകേണ്ടി വന്ന പതിനൊന്നുകാരിയായ മൂത്ത പെൺകുട്ടിയുടെ ജീവിതം പ്രദേശവാസികളുടെ കണ്ണീൽ ഈറനണിയിക്കുകയാണ്. സ്കൂളിൽ പോയി പഠിക്കാനോ കൂട്ടുകാരുമായി കളിക്കാനോ സാധിക്കാതെ, അടച്ചുറപ്പില്ലാത്ത വീട്ടിൽ മറ്റ് കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ പെടാപാടുപെടുകയായിരുന്നു ഈ കൊച്ചുകുട്ടി.
അമ്മ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദിവസങ്ങളിൽ മാത്രമല്ല, അതിനു മുൻപും വീട്ടുജോലികളും കുഞ്ഞുങ്ങളുടെ കാര്യങ്ങളും നോക്കേണ്ടിയിരുന്നത് ഈ പതിനൊന്നുകാരിയായിരുന്നു.
മൂടിപോലുമില്ലാത്ത കിണറ്റിൽ നിന്നും കഷ്ടപ്പെട്ട് വെള്ളം കോരിയെടുത്തും, സുമനസ്സുകൾ നൽകുന്ന ഭക്ഷണപ്പൊതികൾ വാങ്ങി സഹോദരങ്ങൾക്ക് നൽകിയുമാണ് ഈ കുട്ടി കുടുംബം മുന്നോട്ട് കൊണ്ടുപോയത്. സുരക്ഷിതമല്ലാത്ത കിണറ്റിൽ നിന്ന് വെള്ളം കോരരുതെന്ന് നാട്ടുകാർ മാതാപിതാക്കളോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പരാതിയ ഉയരുന്നുണ്ട്.
സംഭവത്തിനുശേഷം കുട്ടികളുടെ മാതാപിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മ വ്യക്തമാക്കിക്കൊണ്ട് അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദമ്പതികളുടെ 3, 5, 7, 10 വയസ്സു പ്രായമുള്ള മറ്റ് നാല് പെൺകുട്ടികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്ത് സുരക്ഷിത സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മരിച്ച രണ്ടു വയസ്സുകാരന്റെ വിയോഗവാർത്ത അമ്മ താരയെയോ മറ്റ് നാല് പെൺകുട്ടികളെയോ ഇതുവരെ അറിയിച്ചിട്ടില്ല. പ്രസവാനന്തര വിശ്രമത്തിൽ കഴിയുന്ന താരയ്ക്ക് ഉയർന്ന രക്തസമ്മർദ്ദമുള്ളതിനാൽ വിവരം താങ്ങാനാകില്ലെന്നും അതിനാൽ നിലവിൽ അറിയിക്കേണ്ടതില്ലെന്നുമാണ് ഡോക്ടർമാരുടെ നിർദ്ദേശമെന്ന് കുട്ടിയുടെ പിതാവ് രാജേഷ് വ്യക്തമാക്കി.
അനിയന് സുഖമില്ലാത്തതിനാൽ ആശുപത്രിയിലാണെന്നാണ് പെൺകുട്ടികളോടും പറഞ്ഞിരിക്കുന്നത്. നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ് ഈ കുട്ടികൾ കഴിയുന്നത്.
താരയ്ക്ക് പുതുതായി ജനിച്ച കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കുഞ്ഞിനെ അമ്മയോടൊപ്പം തന്നെ നിർത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ മുൻപുള്ള പ്രസവസമയങ്ങളിലും താര കൃത്യമായ വൈദ്യസഹായം തേടിയിരുന്നില്ലെന്നും പ്രസവ സമയത്ത് മാത്രമാണ് ആശുപത്രിയിൽ പോയിരുന്നതെന്നും ആശാപ്രവർത്തകർ വ്യക്തമാക്കുന്നു.
രക്തസമ്മർദ്ദമുള്ളതിനാൽ ചികിത്സ തേടണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായിരുന്നില്ല.

