കണ്ണൂരിൽ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ ഗൺമാൻ നിർണായക മൊഴി മാറ്റി. കെഎസ്യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന തരത്തിൽ ആദ്യം മൊഴി നൽകിയത് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്നാണ് ഗണ്മാന് അഭിലാഷ് വ്യക്തമാക്കിയിരിക്കുന്നത്.
ഈ കേസ് അന്വേഷണം നടത്തിവരുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുൻപിലാണ് അഭിലാഷ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വീണ ജോർജ്ജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും, മുൻ മന്ത്രി നിർദേശിച്ച പ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകേണ്ടി വന്നതെന്നും അഭിലാഷ് എസ്ഐടിയോട് വിശദീകരിച്ചു.
ഈ കേസിന്റെ തുടക്കത്തിൽ അന്വേഷണത്തിന് ആധാരമായത് അഭിലാഷിന്റെ മൊഴിയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നടക്കം വളരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കെഎസ്യു പ്രവർത്തകർക്കെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തത്.
എന്നാൽ കേസിൽ ഇപ്പോൾ വ്യാജമൊഴി നൽകിയെന്ന് വ്യക്തമായ സാഹചര്യത്തിൽ അഭിലാഷിനെതിരെ കർശന വകുപ്പുതല നടപടികൾ സ്വീകരിക്കാൻ എസ്ഐടി ശുപാർശ ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്ഐടി ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിക്കും.
അന്വേഷണ വേളയിൽ തെറ്റായ മൊഴി നൽകിയ കാര്യം ചൂണ്ടിക്കാണിച്ചാകും ഈ റിപ്പോർട്ട് തയ്യാറാക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

