ദേശീയപാതകളായ 183, 66 എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന നിർദിഷ്ട കോട്ടയം–എറണാകുളം ഇടനാഴിക്കായി സംസ്ഥാന സർക്കാർ അതിശീഘ്രം കേന്ദ്ര സർക്കാരിന് ഔദ്യോഗിക ശുപാർശ സമർപ്പിക്കും.
മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി വ്യക്തമാക്കി.
ദേശീയപാതാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പുതിയ റോഡ് നിർമിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ശുപാർശ അത്യന്താപേക്ഷിതമാണ്. ഈ നടപടിക്രമങ്ങളാണു നിലവിൽ ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ശുപാർശ ലഭിച്ചാലുടൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രത്യേക പഠനസംഘത്തെ പ്രദേശത്തേക്ക് അയക്കുമെന്നും എം.പി അറിയിച്ചു. ദേശീയപാത 183-ൽ കോട്ടയം മുളങ്കുഴയിൽ നിന്നും ആരംഭിച്ച് കുമരകം, വെച്ചൂർ, വൈക്കം വഴി തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപമുള്ള അങ്കമാലി – കുണ്ടന്നൂർ ദേശീയപാത ബൈപാസിൽ എത്തിച്ചേരുന്ന രീതിയിലാണ് ഈ റോഡിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
പുതിയ റോഡ് നിർമാണ വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്ന് ലോക്സഭയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും ഫ്രാൻസിസ് ജോർജ് എം.പി ചർച്ചകൾ നടത്തിയതും തുടർനടപടികൾ സ്വീകരിച്ചതും. കോട്ടയം–കൊച്ചി റൂട്ടിൽ ദിനംപ്രതി വർധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്.
പരിസ്ഥിതിക്കും കാർഷിക മേഖലയ്ക്കും ഒരുവിധത്തിലുള്ള ദോഷവും വരുത്താതെയും, പ്രദേശത്തെ നീരൊഴുക്കിന് യാതൊരുവിധ തടസ്സവും സൃഷ്ടിക്കാത്ത വിധത്തിലും എലിവേറ്റഡ് രീതിയിൽ റോഡ് നിർമിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

