സർക്കാർ ആശുപത്രികളിലെ ഔഷധ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഔദ്യോഗിക സർക്കുലർ പുറത്തിറക്കി. ഒ.പി വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക് മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ലഭ്യമാക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമടക്കം ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് വ്യാപകമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
ഒപ്പമുള്ള നിർദ്ദേശപ്രകാരം ഡോക്ടർമാർ മരുന്ന് കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധമായും എഴുതേണ്ടതാണ്. കൂടാതെ, ലാബ് പരിശോധനകൾക്ക് ആവശ്യമായ റീഏജന്റുകളുടെ ലഭ്യതയും ആശുപത്രികളിൽ ഉറപ്പുവരുത്തേണ്ടതുണ്ട്.
റീഏജന്റുകളുടെ സ്റ്റോക്ക് നില, നിലവിലുള്ള ക്ഷാമം, ഭാവിയിലെ ആവശ്യകത എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും സമർപ്പിക്കണം. ഒരു കാരണവശാലും റീഏജന്റുകളുടെ കുറവ് പരിശോധനകളെ ബാധിക്കരുതെന്നും, അല്ലാത്തപക്ഷം ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.എസ്) ഫണ്ട് ഉപയോഗിച്ച് ഇവ അടിയന്തരമായി വാങ്ങാമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് യാതൊരുവിധ തടസ്സവുമില്ലാതെ മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുകയാണ് ഈ കർശന നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

