ഫ്രാൻസിൽ സമാധാനപരമായി ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭം അക്രമത്തിലേക്ക് വഴിമാറിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ രംഗത്ത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അതേസമയം സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും കൂട്ടിച്ചേർത്തു. ഔദ്യോഗിക ടെലിവിഷൻ ചാനൽവഴി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ തന്നിൽ കടുത്ത ദേഷ്യവും അപമാനബോധവുമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു. സമാധാനപരമായ രീതിയിൽ മാന്യമായി തങ്ങളുടെ ആവശ്യങ്ങളും പരാതികളും ഉന്നയിക്കുന്ന പൊതുജനങ്ങളെയും, പൊതുമുതലുകൾ നശിപ്പിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്യുന്ന അക്രമികളെയും ഒരു വിഭാഗമായി കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊതുമുതലുകൾ നശിപ്പിക്കുന്നതും കൊള്ളയടിക്കുന്നതും തടയുന്നതിന്റെ ഭാഗമായി പ്രകടനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അധ്യാപകരുടെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം ആരംഭിച്ചത്. എന്നാൽ, ഈ സമരത്തിലേക്ക് കടന്നുകൂടിയ തീവ്ര ഇടതുപക്ഷ പ്രവർത്തകരും സ്ഥിരം കുറ്റവാളികളുമാണ് പൊതുമുതലുകൾ കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

