ബേക്കറികൾ വഴി 15 ശതമാനത്തോളം വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ രംഗത്ത്. വിഷയം സംബന്ധിച്ച് എക്സൈസ് കമ്മീഷണറെ നേരിട്ട് സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെ ചുമതലയിൽ നിന്ന് നീക്കിക്കൊണ്ട് ഉത്തരവറിച്ചു.
അദ്ദേഹത്തിന് പകരമായി വി സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. നിലവിൽ അനിൽ കുമാറിന് മറ്റ് ചുമതലകൾ നൽകിയിട്ടില്ല.
മദ്യനയവുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകൾ നടക്കുമ്പോൾ ഉത്തരവാദപ്പെട്ട
മന്ത്രിയെ വിവരമറിയിക്കാതിരുന്ന ഗുരുതര വീഴ്ചയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, വലിയ ജനരോഷത്തിനും വിവാദങ്ങൾക്കും ഇടയാക്കിയ ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന അനുമതി സർക്കാർ പൂർണ്ണമായും റദ്ദാക്കും.
സംഭവത്തിൽ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബേക്കറികൾ വഴി ഇത്തരത്തിൽ വൈൻ വിൽക്കാൻ അനുമതി നൽകുന്നത്.
ചാലക്കുടിയിലെ എം ആർ സി ബേക്കറിക്കാണ് പഴങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈൻ വിൽക്കാനുള്ള ആദ്യ അനുമതി ലഭിച്ചത്. 2022-23 വർഷത്തെ മദ്യനയത്തിന്റെ ഭാഗമായിട്ടാണ് ഇടത് സർക്കാർ 15.5 ശതമാനം വീര്യമുള്ള ഹോര്ട്ടി വൈൻ ഉത്പാദനത്തിന് അനുമതി നൽകുന്നത്.
ഇതിന്റെ തുടർച്ചയായി 2022-ൽ സ്മാള് സ്കെയിൽ വൈനറി റൂള്സ് രൂപീകരിക്കുകയും, സാധാരണ വൈനിന് സമാനമായി 86 ശതമാനം നികുതി ചുമത്തി നിയമ ഭേദഗതികൾ കൊണ്ടുവരികയും ചെയ്തു. തുടർന്ന് ഉത്പാദനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുകയും, ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പുറമെ പുറത്തുനിന്നും വിൽപന നടത്താനുള്ള അനുമതിക്കായി ചട്ടങ്ങൾ ഭേദഗതി ചെയ്യുകയും ചെയ്തു.
ആദ്യം 100 ചതുരശ്ര മീറ്റര് വിസ്തൃതിയുള്ള വിൽപന ശാലകൾക്കാണ് ഫീസ് ഈടാക്കി അനുമതി നൽകാൻ തീരുമാനിച്ചിരുന്നതെങ്കിലും, 2025 സെപ്തംബറിൽ ഇത് 10 ചതുരശ്ര മീറ്ററായി ചുരുക്കിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട
വിൽപ്പനാനുമതി അപേക്ഷ നിലവിലെ സർക്കാരിന്റെ കാലത്താണ് ലഭിച്ചത്. കഴിഞ്ഞ ജൂണിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് ചാലക്കുടിയിൽ വിൽപനാ നുമതി നൽകിയത്.
എന്നാൽ ഈ തീരുമാനങ്ങളെക്കുറിച്ചൊന്നും സർക്കാർ അറിഞ്ഞിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് എക്സൈസ് മന്ത്രി എം ലിജു വിവരം അറിയുന്നത്, ഇത് അദ്ദേഹത്തെ കടുത്ത അമർഷത്തിലാഴ്ത്തി.
മുഖ്യമന്ത്രിയും ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്തെ ഈ നിയമ ഭേദഗതിയെക്കുറിച്ച് വിശദമായ നിയമോപദേശം തേടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
മന്ത്രിയുടെ ഈ നിലപാടിനെതിരെ മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് രംഗത്തുവന്നിരുന്നു. നൽകിയ ലൈസൻസ് പൂർണ്ണമായും നിയമപ്രകാരമാണെന്നാണ് എക്സൈസ് കമ്മീഷണറേറ്റിന്റെ നിലപാട്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന സംബന്ധിച്ച നയപരമായ ചർച്ചകൾ നടക്കുന്നതിനിടയിലാണ് പുതിയ വിവാദം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

