കൊച്ചി നെടുമ്പാശേരിയിൽ നടന്ന വാഹനാപകടത്തിൽ ആഡംബര കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിന്റെ (19) മാതാവ് സമൂഹമാധ്യമത്തിലൂടെ വിശദീകരണവുമായി രംഗത്തെത്തി. ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈലിന്റെ മാതാവാണ് വീഡിയോ സന്ദേശം പങ്കുവെച്ചത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും തങ്ങൾ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും അവർ വ്യക്തമാക്കി. വീഡിയോ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: ‘അപകടത്തിൽ നഷ്ടപ്പെട്ടത് 3 പേരുടെ ജീവിതമാണ്.
അവരുടെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ പങ്കുചേരുന്നു. മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്.
അന്വേഷണം നടക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ.
സത്യസന്ധമായ അന്വേഷണം നടക്കട്ടെ. സത്യമായ വാർത്ത പുറത്തുവരട്ടെ.’ ‘സമൂഹമാധ്യമത്തിൽ ഞങ്ങളെക്കുറിച്ച് പലതരത്തിൽ വാർത്ത വരുന്നുണ്ടെന്ന് അറിയാം.
പലർക്കും ദേഷ്യമുണ്ടെന്നും അറിയാം. കുടുംബത്തിന് സ്വകാര്യത നൽകണം.
ഞങ്ങളും സാധാരണ മനുഷ്യരാണ്. ഞാൻ ഒരു അമ്മയാണ്.
മകന്റെ ഭാവി ഓർത്ത് ആശങ്കയുണ്ട്. ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് വിഷമമുണ്ട്.
ഇതിന്റെ രണ്ടിനും ഇടയിൽ എന്തു ചെയ്യണം എന്നറിയില്ല. ഞങ്ങൾ ഉള്ളിടത്തോളം കാലം മരിച്ചവരുടെ കുടുംബത്തിന് ഒപ്പമുണ്ടാകും’– വീഡിയോയിൽ അവർ പറയുന്നു.
കഴിഞ്ഞ ഒക്ടോബർ 11നാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. സുഹൈൽ ഓടിച്ച ആഡംബര കാർ സ്കൂട്ടറിൽ ഇടിച്ചാണ് കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക(22) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്.
വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപമായിരുന്നു ഈ അപകടം സംഭവിച്ചത്. കൊച്ചി നഗരത്തിലെ സ്വകാര്യ കോളജിൽ ബികോം വിദ്യാർത്ഥിയാണ് സുഹൈൽ.
അപകട സമയം സുഹൈലിനൊപ്പം കാറിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

