ഇന്ത്യയിലെ ജീവിതം കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുന്നതിൽ പ്രാദേശിക കടകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് അമേരിക്കൻ വ്ലോഗർ ക്രിസ്റ്റൻ ഫിഷർ. ഡൽഹിയിൽ താമസിക്കുന്ന ഇവർ, ഇന്ത്യയിലെ നാടൻ പലചരക്ക് കടകളുടെ സൗകര്യങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
വലിയ സൂപ്പർമാർക്കറ്റുകളെ ആശ്രയിക്കാതെയും ദൂരയാത്രകൾ ചെയ്യാതെയും, വീടിനടുത്തുള്ള ചെറിയ കടകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ നിമിഷനേരംകൊണ്ട് സ്വന്തമാക്കാൻ സാധിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകതയെന്ന് അവർ അഭിപ്രായപ്പെടുന്നു. ന്യൂഡൽഹിയിൽ ചിത്രീകരിച്ച ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
വീടിന് വെറും ഒരു മിനിറ്റ് മാത്രം നടക്കാവുന്ന ദൂരത്തിലുള്ള ഒരു ചെറിയ കടയിൽ അതിരാവിലെ സാധനങ്ങൾ വാങ്ങാൻ എത്തുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കടയിലെത്തി വ്യക്തമായ ഹിന്ദി ഭാഷയിൽ സംസാരിച്ച് രണ്ട് ലിറ്റർ ഫുൾ ക്രീം പാലും അരക്കിലോ തൈരും ആവശ്യപ്പെടുന്നതും പണം നൽകി മടങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
“ചെറിയ കടകൾ അടുത്തുള്ളത് ഇന്ത്യയിലെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നു” എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ക്രിസ്റ്റൻ ഫിഷർ വ്യക്തമാക്കിയിട്ടുള്ളത്. നടക്കാവുന്ന ദൂരത്തിൽ അവശ്യസാധനങ്ങൾ ലഭ്യമാകുന്ന ഈ സംവിധാനം ഇന്ത്യയിലെ നഗരജീവിതം ഏറെ സുഗമമാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വ്ലോഗറുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഓൺലൈൻ ഡെലിവറി ആപ്പുകൾ ഉപയോഗിക്കാമല്ലോ എന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, പ്രാദേശിക കച്ചവടക്കാരെ സഹായിക്കുന്നത് നല്ലതാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.
കൂടാതെ, യുവതിയുടെ ഹിന്ദി ഉച്ചാരണത്തെയും നിരവധി പേർ പ്രശംസിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

