പതി–ബെൽ കൺസോർഷ്യത്തിന്റെ ചീഫ് പ്രോജക്ട് മാനേജരായിരുന്ന ലീ സീ ബീൻ ജീവനൊടുക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, അന്നത്തെ പദ്ധതി നടത്തിപ്പിലും ഭൂമി ഏറ്റെടുക്കലിലും ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത് പന്തളം മേഖലയിലായിരുന്നു. തിരുവനന്തപുരം തൈക്കാട് മുതൽ ചെങ്ങന്നൂർ വരെയുള്ള ആദ്യ ഘട്ടത്തിലാണ് പന്തളവും ഈ വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
2002ന് ശേഷം മറ്റ് പ്രദേശങ്ങളിലെല്ലാം ഭൂമി ഏറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിച്ചെങ്കിലും, പന്തളത്ത് മാത്രം നാല് വർഷത്തോളമായി പദ്ധതി നടപടികൾ നിശ്ചലാവസ്ഥയിലായിരുന്നു. ഈ കാലയളവിലാണ് ലീ സി ബീൻന്റെ ആത്മഹത്യയും തുടർന്നുള്ള വിവാദങ്ങളും അരങ്ങേറിയത്.
നിലവിൽ എസ്ഐആർ വിഷയത്തിൽ വിവാദത്തിലായ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ആയിരുന്നു അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി. കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനായി കെഎസ്ടിപിയുടെ നേതൃത്വത്തിൽ അളന്നു കല്ലിടൽ പന്തളം മേഖലയിൽ സമയബന്ധിതമായി പൂർത്തിയായിരുന്നു.
എന്നാൽ പറന്തൽ, കുരമ്പാല, പന്തളം ടൗൺ, കുളനട തുടങ്ങിയ ഭാഗങ്ങളിൽ രൂക്ഷമായ തർക്കങ്ങളാണ് ഉടലെടുത്തത്.
ന്യായമായ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടും റോഡിന്റെ ഇരുവശങ്ങളിലുമുള്ള നിരവധി പേർ എതിർപ്പുമായി രംഗത്തുവന്നു. തർക്കങ്ങൾ ശക്തമായതിനെ തുടർന്ന് ചിലരുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി രൂപരേഖയിൽ മാറ്റം വരുത്തി ഭൂമി ഏറ്റെടുത്തതായും പിന്നീട് വ്യക്തമായി.
2002ലെ എംസി റോഡ് വികസനപദ്ധതിക്കായി 330 കോടി രൂപയാണ് ചെലവഴിച്ചതെങ്കിൽ, 2020ലെ നവീകരണ പദ്ധതിക്ക് 98.4 കോടി രൂപയായിരുന്നു വകയിരുത്തിയത്. ഈ രണ്ട് പദ്ധതികൾ പൂർത്തിയായിട്ടും ഭൂമി ഏറ്റെടുക്കലിലെ അപാകതകളും അശാസ്ത്രീയമായ നിർമാണരീതികളും സംബന്ധിച്ച ഒട്ടനവധി പരാതികൾക്ക് ഇതുവരെയും പരിഹാരം കാണാൻ സാധിച്ചിട്ടില്ല.
എംസി റോഡ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ബെൽ മൗത്ത് മാതൃകയിൽ ജംക്ഷൻ വികസനം രൂപകൽപന ചെയ്തിരുന്നത് പന്തളത്തും തിരുവനന്തപുരം കേശവദാസപുരത്തുമാണ്. ബഹുനില കെട്ടിടങ്ങൾ അടക്കം ഭാഗികമായി പൊളിച്ചുനീക്കിയാണ് കേശവദാസപുരത്ത് പദ്ധതി വിജയകരമായി നടപ്പാക്കിയത്.
എന്നാൽ പന്തളത്ത് ഇത് യാഥാർത്ഥ്യമാക്കാൻ സാധിച്ചില്ല. ഭൂമി ഏറ്റെടുക്കലിൽ ഉണ്ടായ ക്രമക്കേടുകളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നാല് വശത്തുനിന്നും പ്രധാന റോഡുകൾ 22 മീറ്റർ വീതിയിൽ ജംക്ഷനിൽ സംഗമിക്കുന്നതായിരുന്നു പദ്ധതി. എന്നാൽ ഭൂമി ഏറ്റെടുക്കലിനെതിരെ വ്യാപകമായ എതിർപ്പുകൾ ഉയർന്നത് വലിയ തടസ്സമായി മാറി.
കുറുന്തോട്ടയം പാലത്തിന്റെ പുനർനിർമാണം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ബെൽമൗത്ത് വികസനം അട്ടിമറിക്കുന്നതിനായി ഇത് ഒഴിവാക്കിയെന്ന ആക്ഷേപവും അക്കാലത്ത് ഉയർന്നിരുന്നു. ജംക്ഷന്റെ ഒരു കോണിലുള്ള വ്യാപാരസ്ഥാപനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന ആരോപണവും ശക്തമായിരുന്നു.
പദ്ധതി നടത്തിപ്പിലെ കടുത്ത അലംഭാവത്തിൽ പ്രതിഷേധിച്ച് ക്ഷമകെട്ട നാട്ടുകാർ 2006ൽ ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ഉപരോധസമരവും സംഘടിപ്പിച്ചിരുന്നു.
2007ഓടെയാണ് പന്തളം മേഖലയിലെ എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട നിർമാണജോലികൾ ഏറെക്കുറെ പൂർത്തിയായത്.
എന്നാൽ അതിനുശേഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം പറന്തലിനും മാന്തുകയ്ക്കുമിടയിലെ 9.5 കിലോമീറ്റർ ദൂരത്തിനുള്ളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ 177 പേരുടെ ജീവാനാണ് പൊലിഞ്ഞത്. ഇതോടൊപ്പം നൂറുകണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.
നിശ്ചിത ദൂരപരിധിക്കുള്ളിൽ ഇത്രയധികം അപകടങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും, റോഡ് നിർമാണത്തിലെ അശാസ്ത്രീയതയോ മറ്റ് അപൂർണതകളോ സംബന്ധിച്ച് ഗൗരവകരമായ യാതൊരു പരിശോധനയും പഠനവും ഇതുവരെ നടന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

