ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു. ദുബായിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ ബോയിംഗ് 777-300 വിമാനത്തിലാണ് ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.10ന് ഈ അപകടമുണ്ടായത്.
സംഭവത്തെ തുടർന്ന് വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ സംഭവിച്ചു. ഇതേതുടർന്ന് വിമാനത്തിന്റെ മടക്കയാത്ര 15 മണിക്കൂറിലേറെ വൈകുമെന്ന് അധികൃതർ അറിയിച്ചു.
ഇ കെ 517 എന്ന നമ്പറിലുള്ള വിമാനമാണ് പക്ഷിയിടലിന് ഇരയായത്. നാളെ രാവിലെ ഏഴ് മണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിമാനത്തിന് മടങ്ങാൻ കഴിയുമെന്നാണ് എയർലൈൻ അധികൃതരുടെ പ്രതീക്ഷ.
അപകടസമയത്ത് ക്രൂ അംഗങ്ങൾ ഉൾപ്പെടെ ആകെ 357 പേർ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ വിമാനക്കമ്പനി ഖേദം പ്രകടിപ്പിച്ചു.
യാത്രക്കാർക്ക് ആവശ്യമായ താമസ സൗകര്യമടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഡൽഹി വിമാനത്താവള പരിസരത്ത് കഴിഞ്ഞ രണ്ട് വർഷമായി പക്ഷിയിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളത്തിന് സമീപം മാലിന്യങ്ങൾ തള്ളുന്നതും ഇറച്ചി വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതുമാണ് ഈ പ്രശ്നത്തിന് കാരണമെന്ന് കഴിഞ്ഞ മാസം ചേർന്ന എയർഫീൽഡ് മാനേജ്മെന്റ് കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

