കൊല്ലത്ത് വിവാഹാലോചനകളുടെ പേരിൽ വയോധികനെ വിളിച്ചുവരുത്തി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ യുവതി പോലീസ് പിടിയിൽ. ചന്ദനത്തോപ്പ് അഞ്ചിതം വീട്ടിൽ ഹസീന (33) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്.
കുണ്ടറ കേരളപുരത്താണ് ആസൂത്രിതമായ ഈ കവർച്ചാ സംഭവം അരങ്ങേറിയത്. വിവാഹ ബ്രോക്കറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ബാബുവിനെ (68) കേരളപുരത്തെ വീട്ടിലേക്ക് വരുത്തിയത്.
കൊല്ലം ആയിരംതെങ്ങ് സ്വദേശിയാണ് പരാതിക്കാരനായ ബാബു. ഇയാളുടെ കൈവശമുണ്ടായിരുന്ന നാല് പവനിലധികം വരുന്ന സ്വർണ്ണമാലയും മോതിരവുമടക്കമുള്ള ആഭരണങ്ങളും 5,000 രൂപയും സംഘം തട്ടിയെടുക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
പ്രധാന പ്രതിയായ ഹസീനയോടൊപ്പം മറ്റ് രണ്ട് പുരുഷന്മാരും ഈ കുറ്റകൃത്യത്തിൽ പങ്കാളികളായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവരെ ഉടൻതന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അന്വേഷണ സംഘം അറിയിച്ചു.
കുണ്ടറ എസ്.എച്ച്.ഒ സുനുകുമാർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ ദീപു പിള്ള, അരുൺ കുമാർ, പ്രിയ, സി.പി.ഒ അൻവർ എന്നിവരുൾപ്പെട്ട പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

