നൂറ്റാണ്ടിലേറെ പഴക്കമുള്ള റെയിൽവേയുടെ പൈതൃക കിണർ വേണ്ടത്ര സംരക്ഷണമോ പുനരുപയോഗമോ ഇല്ലാതെ വീണ്ടും പാഴാകുന്നു. കേരളത്തിൽ റെയിൽപ്പാതയുടെ തുടക്കകാലത്ത് ആവി എൻജിനുകൾക്കായി ജലം ലഭ്യമാക്കാൻ സ്ഥാപിച്ച തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ചരിത്രപ്രസിദ്ധമായ കിണറാണ് യാതൊരു പ്രയോജനവുമില്ലാതെ നശിക്കുന്നത്.
പത്ത് മീറ്റർ ആഴവും അതിലേറെ വ്യാസവുമുള്ള ഈ ചെങ്കല്ലുപാകിയ കിണർ, ഏകദേശം പത്ത് വർഷം മുൻപാണ് അധികൃതർ വൃത്തിയാക്കി മോട്ടറും പമ്പുസെറ്റും കമ്പിവലയിട്ട കൂടാരവും സ്ഥാനിപ്പിച്ച് നവീകരിച്ചത്.
എന്നാൽ, സ്കൂൾ കുട്ടികൾക്കും മറ്റും വെറുമൊരു കാഴ്ചവസ്തുവായി മാറിയതല്ലാതെ റെയിൽവേ ഇതിന്റെ യഥാർത്ഥ സാധ്യതകൾ പ്രയോജനപ്പെടുത്തിയില്ല. ശുദ്ധീകരിച്ച് ഉപയോഗിച്ചാൽ ദിവസവും തൃശൂർ സ്റ്റേഷനിലെ ആവശ്യത്തിനുള്ള മുഴുവൻ വെള്ളവും ഇവിടെനിന്നു ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1902ൽ നിർമിച്ച ഈ കിണറിൽനിന്ന് ട്രാക്കിനിപ്പുറമുള്ള മെറ്റൽ ഓവർഹെഡ് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് അന്ന് സ്റ്റീം എൻജിനുകൾക്കായി ഉപയോഗിച്ചിരുന്നത്. പിന്നീട് സ്റ്റീം എൻജിനുകൾ ഇല്ലാതായതോടെ വെള്ളം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചെങ്കിലും കാലക്രമേണ അതും പൂർണ്ണമായി നിലയ്ക്കുകയായിരുന്നു.
നിലവിൽ പീച്ചിയിൽനിന്ന് ജല അതോറിറ്റിയുടെ വെള്ളം എത്തിച്ച് ടാങ്ക് നിറയ്ക്കുമ്പോഴാണ്, 125 വർഷം പിന്നിടുന്ന ഈ ചരിത്രപ്രസിദ്ധമായ കിണർ യാതൊരു സംരക്ഷണവുമില്ലാതെ നശിക്കുന്നത്. 2017ൽ അന്നത്തെ തൃശൂർ എംഎൽഎയും മന്ത്രിയുമായിരുന്ന വി.എസ്.സുനിൽകുമാർ അനുവദിച്ച 21 ലക്ഷം രൂപയാണ് അന്ന് കിണർ നവീകരണത്തിനായി ഉപയോഗിച്ചത്.
എന്നാൽ ഈ തുക വിനിയോഗിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കൊന്നും തന്നെ പിന്നീട് തുടർച്ചയുണ്ടായില്ല. ഈ കിണറ്റിലെ വെള്ളം ശാസ്ത്രീയമായി ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കിയാൽ, ആയിരക്കണക്കിന് യാത്രക്കാർ ദിവസവും വന്നുപോകുന്ന സ്റ്റേഷന് പീച്ചിയിൽ നിന്നുള്ള ജലവിതരണത്തെ മാത്രം പൂർണ്ണമായി ആശ്രയിക്കേണ്ടി വരില്ല.
നിലവിൽ സ്റ്റേഷനിൽ പുരോഗമിക്കുന്ന മുന്നൂറ്റി അമ്പതോളം കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാഗമായി ഈ കിണറിനെ കൂടി ഉൾപ്പെടുത്തി നവീകരിച്ചാൽ, കുടിവെള്ളത്തിനല്ലെങ്കിലും സ്റ്റേഷനിലെ മറ്റ് ആവശ്യങ്ങൾക്കും ശുചിമുറികളിലേക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശക്തമായ ഉറവയുള്ള ഈ കിണർ കടുത്ത വേനൽക്കാലത്തും ജലസമൃദ്ധമായി തന്നെ തുടരുന്നു എന്നത് ഇതിന്റെ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

