പൂവത്തിളപ്പിൽ വീടുകൾ കുത്തിത്തുറന്ന് വൻ സ്വർണവേട്ട നടത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ.
തിരുവനന്തപുരം സ്വദേശിയായ അന്തർസംസ്ഥാന മോഷ്ടാവിനെയും കൂട്ടാളിയെയുമാണ് പള്ളിക്കത്തോട് പൊലീസ് പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ക്രിമിനൽ പശ്ചാത്തലമുള്ള കല്ലിയൂർ സിന്ധുനിലയത്തിൽ ശ്രീകാന്ത് കുമാർ (41), കൂട്ടാളി തിരുവനന്തപുരം പേട്ട
വള്ളക്കടവ് ആറ്റുവരമ്പിൽ സരിത രവി (42) എന്നിവരാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി.ജോസഫ് നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ വലയിലാക്കിയത്.
ഓഗസ്റ്റ് 15, 31 തീയതികളിൽ പൂവത്തിളപ്പ് സ്വദേശികളായ സി.ജെ.ഏബ്രഹാം, ടോമി ഐസക് എന്നിവരുടെ വീടുകളിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നിർണായക അറസ്റ്റ്. ചൊള്ളൻപുഴയിൽ സി.ജെ.ഏബ്രഹാമിന്റെ വീട്ടിൽ ഓഗസ്റ്റ് 31ന് പുലർച്ചെയായിരുന്നു പ്രധാന മോഷണം അരങ്ങേറിയത്.
കുടുംബാംഗങ്ങളുടെ അസാന്നിധ്യം മുതലെടുത്ത് മുൻവാതിൽ തകർത്ത് അകത്തുകയറിയ സംഘം അലമാര കുത്തിത്തുറന്ന് 26 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ഭാര്യയുടെ ചികിത്സാ ആവശ്യവുമായി ബന്ധപ്പെട്ട് ഏബ്രഹാം പാലായിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്ന സമയത്തായിരുന്നു സംഭവം.
മകനും കുടുംബവും യുകെ യാത്രയ്ക്കായി പുലർച്ചെ 4.45-ന് വീടുവിട്ട് ഇറങ്ങിയ തക്കം നോക്കിയാണ് പ്രതികൾ അകത്തുകയറിയത്. മൂന്ന് മാലകൾ, മൂന്ന് ചെയിനുകൾ, നാല് മോതിരങ്ങൾ, പാദസരം, വളകൾ എന്നിവയ്ക്ക് പുറമെ പുസ്തകങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടിരുന്നു.
സംഭവസ്ഥലത്തുനിന്നും ശാസ്ത്രീയ പരിശോധനയിലൂടെ ശേഖരിച്ച വിരലടയാളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ പ്രതികളിൽ എത്തിച്ചേർന്നത്. മോഷ്ടിച്ച സ്വർണം കണ്ടെത്താനും ഈ കേസിലെ മറ്റൊരു കൂട്ടുപ്രതിയായ ഷെഫീക്കിനായിട്ടുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. അന്വേഷണ സംഘത്തിൽ പാലാ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ജോബി ജോസഫ്, സി.രഞ്ജിത്ത്, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗം വിമൽ കുമാർ, പള്ളിക്കത്തോട് എസ്ഐ ജോബി ജേക്കബ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷമീർ, രാഹുൽ എന്നിവരും ഉണ്ടായിരുന്നു.
പകൽ സമയങ്ങളിൽ പ്രദേശങ്ങളിൽ കറങ്ങിനടന്ന് വീടുകളുടെ കോളിങ് ബെൽ അടിച്ച് ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ശ്രീകാന്ത് കുമാർ മോഷണം പതിവാക്കിയിരുന്നത്. ഒരു ജില്ലയിൽ നിന്നും മോഷ്ടിക്കുന്ന വാഹനം ഉപയോഗിച്ച് മറ്റ് ജില്ലകളിൽ സഞ്ചരിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്.
പള്ളിക്കത്തോട്ടിലും കിടങ്ങൂരിലും സമാന രീതിയിലുള്ള മോഷണങ്ങൾ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പള്ളിക്കത്തോട്ടിൽ എത്തിയപ്പോഴൊക്കെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ നിന്നും മോഷ്ടിച്ച ബൈക്കാണ് പ്രതി ഉപയോഗിച്ചിരുന്നത്.
കവർച്ച ചെയ്ത സ്വർണം വിറ്റഴിക്കാൻ സരിത രവിയുടെ സഹായം ലഭിച്ചിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

