മൂവാറ്റുപുഴയിൽ എടിഎം കേന്ദ്രം കേന്ദ്രീകരിച്ച് ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപടി ഭാഗത്ത് കോന്നം കുടി വീട്ടിൽ ആസിഫ്.കെ.ഹസൻ (28) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്.
ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂവാറ്റുപുഴയിലെ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളിൽ നിന്നും ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വിശ്വസിപ്പിച്ച് വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് 10,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്നില്ലെന്നും, പകരം പണം നൽകിയാൽ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി തുക അയച്ചുനൽകാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സമാനമായ കുറ്റകൃത്യങ്ങൾക്ക് മുൻപും റിമാൻഡിൽ കഴിഞ്ഞിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാൾ ഇത്തരത്തിലുള്ള മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. എസ്ഐമാരായ ആർ.ബി.റോഷ്നി, സി.ബി.അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ് ബാബു, ഇർഫാൻ ഹബീബ്, എം.പി.രതിഷ്, ശ്രീജു രാജൻ, വിപിൻ വർക്കി, ഷിജു രാജപ്പൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

