സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി Deux’ ലെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. യുവതാരം നസ്ലെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സോണി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. കയ്യിൽ തോക്കുകളുമായി നിൽക്കുന്ന നസ്ലെനെയാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
അടുത്തിടെ നടൻ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. വരും നവംബർ 19-നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
14 വർഷങ്ങൾക്ക് ശേഷം തികച്ചും ജെൻ – സി വൈബിലാണ് ചിത്രം എത്തുന്നത്. 2012-ൽ പുറത്തിറങ്ങി വലിയ തരംഗം സൃഷ്ടിച്ച സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായാണ് ഇത് ഒരുങ്ങുന്നത്.
റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമാപ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് പദവി ലഭിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ് ഡുഎക്സ് (D’EUX). ഫ്രഞ്ചിൽ D’EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് അർത്ഥമാക്കുന്നത്.
യുവനിരയിലെ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും ഒരുപോലെ അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ സിനിമ ഒരുക്കുന്നത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇതുവരെ കാണാത്ത തികച്ചും സ്റ്റൈലിഷ് ലുക്കിലാണ് ഓരോ താരങ്ങളും പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ.
പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

