സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്തെ പ്രമുഖ കമ്പനിയായ സ്റ്റാർലിങ്കുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യ പ്രതികരണവുമായി റിലയൻസ് ഇൻഡസ്ട്രീസ് രംഗത്ത്.
രാജ്യത്ത് സ്വദേശി കമ്പനികൾക്കും വിദേശ കമ്പനികൾക്കും ഒരേ നിയമങ്ങളാണ് ബാധകമെന്നും വിപണിയിലെ മത്സരത്തെ ഒരിക്കലും ഭയക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് റിലയൻസ് ഔദ്യോഗിക നിലപാട് അറിയിച്ചത്.
ഇന്ത്യയിൽ സ്റ്റാർലിങ്കിന് ലൈസൻസ് ലഭ വൈകുന്നതിന് കാരണം മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ കുത്തക മനോഭാവവും കേന്ദ്ര സർക്കാരുമായുള്ള സ്വാധീനവുമാണെന്ന് യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്ക് നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ പ്രസ്താവന.
ജിയോയുടെ സാറ്റലൈറ്റ് സേവനങ്ങളും ഇന്ത്യയിൽ അനുമതിക്കായുള്ള കാത്തിരിപ്പിലാണെന്നും സ്റ്റാർലിങ്കിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നവരാണ് വിപണിയിൽ വിജയിക്കുന്നത്.
ഒറ്റ ഉപഭോക്താവ് പോലുമില്ലാതെ 2016-ൽ തികച്ചും പുതിയൊരു സംരംഭമായാണ് ജിയോ ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ ടെലികോം വിപണിയിലേക്ക് പ്രവേശിച്ചത്. എന്നാൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ 53 കോടിയിലധികം ഉപഭോക്താക്കളുടെ വിശ്വാസമാർജ്ജിക്കാൻ കമ്പനിക്ക് സാധിച്ചു.
ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ സേവനങ്ങളും മികച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും നൽകിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ‘‘സാറ്റലൈറ്റ് കമ്യൂണിക്കേഷൻ രംഗത്ത് മത്സരത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
സ്റ്റാർലിങ്കിനും സ്വാഗതം. ജിയോയും മറ്റുള്ളവരും ഇന്ത്യയുടെ നിയമത്തിനും നയങ്ങൾക്കും അനുസരിച്ചുതന്നെയാകണം പ്രവർത്തിക്കേണ്ടത്’’ – റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി.
അതേസമയം, ഇലോൺ മസ്കിന്റെ ആരോപണങ്ങൾ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയവും നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ലൈസൻസ് വിതരണത്തിൽ ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക താല്പര്യമോ വിദ്വേഷമോ കാണിക്കുന്നില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നുമാണ് മന്ത്രാലയം അറിയിച്ചത്.
നിലവിൽ മൂന്ന് കമ്പനികൾ അനുമതി നേടുന്നതിനുള്ള അന്തിമ നടപടിക്രമങ്ങളിലാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

