നിലവിലെ പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് രാജ്യാന്തര വിപണിയിൽ സ്വർണവില സർവകാല റെക്കോർഡ് ഭേദിക്കുമെന്ന് പ്രവചനം. കഴിഞ്ഞ ജനുവരിയിൽ കുറിച്ച 5120 ഡോളറാണ് നിലവിലെ റെക്കോർഡ്.
ഈ നിലവാരം മറികടന്ന് വില 5500 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുമെന്നാണ് ട്രോയ് അസറ്റ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളുടെ ഫണ്ട് മാനേജർമാരുടെ വിലയിരുത്തൽ. ഇറാൻ-യുഎസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഉൾപ്പെടെയുള്ള നയങ്ങൾ, കരുതൽ വിദേശനാണ്യ ശേഖരത്തിലേക്ക് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന കേന്ദ്രബാങ്കുകളുടെ നടപടി എന്നിവയാണ് സ്വർണവിലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 13,515 രൂപയിലും പവന് 1,08,120 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വർണവില 11,060 രൂപയിലും വെള്ളിവില ഗ്രാമിന് 230 രൂപയിലും യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. ഒരു ഘട്ടത്തിൽ ഔൺസിന് 4142 ഡോളർ വരെ ഇടിഞ്ഞ രാജ്യാന്തരവില പിന്നീട് 4184 ഡോളറായി തിരിച്ചു കയറിയെങ്കിലും, കേരളത്തിൽ ഇന്ന് വില പരിഷ്കരിക്കേണ്ടതില്ലെന്ന് വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു.
വരുന്ന 12 മുതൽ 24 മാസത്തിനകം രാജ്യാന്തരവില 5500 ഡോളറോ അല്ലെങ്കിൽ 6000 ഡോളറോ വരെ എത്തിയേക്കാമെന്നാണ് ഫണ്ട് മാനേജർമാരുടെ പ്രവചനം. ആഗോള തലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പണപ്പെരുപ്പ ആശങ്കകളും പലിശനിരക്കിലെ മാറ്റങ്ങളും ഓഹരി, കടപ്പത്രം, കറൻസി വിപണികളെ കടുത്ത അസ്ഥിരതയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളും നിക്ഷേപകരും ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമായി കാണുന്നത് സ്വർണത്തെയാണ്. കരുതൽ ശേഖരത്തിൽ ഡോളറിനും മറ്റ് വിദേശ കറൻസികൾക്കുമൊപ്പം സ്വർണം വാങ്ങിക്കൂട്ടുന്ന ഇപ്പോഴത്തെ രീതി കേന്ദ്രബാങ്കുകൾ കൂടുതൽ ശക്തമാക്കും.
ഓഹരികളും കടപ്പത്രങ്ങളും കറൻസികളും ഇടിയുന്നത് ഗോൾഡ് ഇടിഎഫ് പോലെയുള്ള നിക്ഷേപങ്ങൾക്ക് വലിയ നേട്ടമാകും. കൂടാതെ, ആഭരണ വിപണിയിൽ ഇന്ത്യയിലും ചൈനയിലുമുള്ള ശക്തമായ ആവശ്യകതയും വിലയെ പുതിയ ശിഖരങ്ങളിലെത്തിക്കുമെന്ന് ഫണ്ട് മാനേജർമാർ വ്യക്തമാക്കുന്നു.
പീപ്പിൾസ് ബാങ്ക് ഓഫ് ചൈന അടക്കമുള്ള കേന്ദ്രബാങ്കുകൾ സെപ്റ്റംബറിൽ മാത്രം 60 ടണ്ണിലധികം സ്വർണമാണ് സ്വന്തമാക്കിയത്. വരും മാസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ നൽകുന്ന സൂചനകൾ.
രാജ്യാന്തരവില 5500 ഡോളർ കടന്നാൽ കേരളത്തിലെ സ്വർണവിലയും ഇതുവരെയില്ലാത്ത ഉയർന്ന തലത്തിലേക്ക് എത്തും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 100 കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
രൂപയുടെ ഈ മൂല്യത്തകർച്ച കൂടി കണക്കിലെടുത്താൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1.40 ലക്ഷം രൂപ കവിഞ്ഞേക്കാം. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ ഇതുവരെയുള്ള ഉയർന്ന റെക്കോർഡ്.
അന്ന് ഗ്രാമിന് 16,395 രൂപയായിരുന്നു വില. 3 ശതമാനം ജിഎസ്ടി നികുതി, 3 മുതൽ 30 ശതമാനം വരെയാകാവുന്ന പണിക്കൂലി, 75 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ഉൾപ്പെടുന്ന ഹോൾമാർക്ക് ഫീസ് എന്നിവ കൂടി ചേരുമ്പോൾ ഉപഭോക്താക്കൾക്ക് ആഭരണം വാങ്ങുന്നതിനുള്ള തുക ഇതിലും ഏറെ ഉയരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

