ഡൽഹിയിൽ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായ മലയാളി വിദ്യാർത്ഥി ആതിരയ്ക്ക് പിന്തുണയുമായി നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ). ഇതിന്റെ ഭാഗമായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ എൻഎസ്യുഐയുടെ നേതൃത്വത്തിൽ ശക്തമായ ധർണാ സമരം സംഘടിപ്പിച്ചു.
സംഘടനയുടെ ദേശീയ അധ്യക്ഷൻ വിനോദ് ജാക്കറിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധവും മുദ്രാവാക്യം വിളികളും നടത്തിയത്. വിദ്യാർത്ഥിനിയെ മർദിച്ച സംഭവത്തിൽ കേസെടുക്കാൻ തയ്യാറാകാത്ത ഡൽഹി പൊലീസിന്റെ നടപടിയെ ആതിര കടുത്ത ഭാഷയിൽ വിമർശിച്ചു.
സമരത്തെ തുടർന്ന് സ്ഥലത്ത് വൻ സംഘർഷാവസ്ഥയാണ് രൂപപ്പെട്ടത്. തുടർന്ന് പ്രതിഷേധിച്ച നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വലിച്ചിഴച്ചാണ് ബലമായി വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയത്. ഈ നടപടിയിൽ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടയിൽ, പൊലീസുകാരുടെ വേഷത്തിലല്ലാത്ത ചില പുറത്തുനിന്നുള്ള സംഘം സ്ഥലത്തെത്തി എൻഎസ്യുഐ പ്രവർത്തകരെ ലക്ഷ്യമിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ സംഘത്തിൽപ്പെട്ട
ചിലർ പൊലീസിനെയും മർദിക്കുകയുണ്ടായി. എന്നാൽ പൊലീസിനെ ആക്രമിച്ച സംഭവുമായി എൻഎസ്യുഐ പ്രവർത്തകർക്ക് യാതൊരു ബന്ധവുമില്ലെന്ന് സംഘടനയുടെ നേതാക്കൾ വ്യക്തമാക്കി.
രാത്രി വൈകിയും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ അത്യന്തം നാടകീയമായ രംഗങ്ങളാണ് അരങ്ങേറുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എൻഎസ്യുഐ നടത്തിയ പ്രതിഷേധ മാർച്ചിനിടയിലാണ് ആതിര ഉൾപ്പെടെയുള്ളവർക്ക് പൊലീസിൽ നിന്നും മർദനമേറ്റത്.
വിദ്യാർത്ഥികളെ ഉപദ്രവിച്ച ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകർ ഉറച്ചുനിൽക്കുന്നത്. പൊലീസ് വാനിലും സ്റ്റേഷനുള്ളിൽ വെച്ചും തന്നെ ക്രൂരമായി മർദിച്ചെന്നും, വനിതാ പൊലീസുകാർ റോഡിലൂടെ വലിച്ചിഴച്ചെന്നും പരാതിപ്പെട്ട
ആതിര, ഈ മർദനത്തെ തുടർന്ന് തന്റെ വലത് ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടതായും വ്യക്തമാക്കി. നിലവിൽ സ്റ്റേഷന് മുന്നിലെ നടുറോഡിൽ കിടന്നുകൊണ്ടാണ് ആതിര തന്റെ പ്രതിഷേധം തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

