രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ നടൻ ഇമ്രാൻ ഖാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിക്കും.
അമേരിക്കൻ പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുമുള്ള ഇമ്രാനോട് രാജ്യം വിടാൻ അധികൃതർ ആവശ്യപ്പെട്ടത്, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ്.
നടന് വേണ്ടി പ്രമുഖ അഭിഭാഷകൻ സുൽഫിക്കർ മേമൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും. വരുന്ന ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകണമെന്നാണ് ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ (FRRO) ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ കൊക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുഎസ് പൗരത്വമുള്ള ഒരാൾ ഇത്തരം രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുത്തത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് ഈ പരാതി എഫ്ആർആർഒയ്ക്ക് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യം വിടാനുള്ള ഔദ്യോഗിക നോട്ടീസ് നൽകുകയുമായിരുന്നു. ഒസിഐ കാർഡ് കൈവശമുണ്ടെങ്കിലും രാജ്യത്തെ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അനുവാദമില്ലെന്നാണ് എഫ്ആർആർഒയുടെ നിലപാട്.
വിദേശികളുടെ പ്രവേശനം, താമസം, സഞ്ചാരം എന്നിവ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025-ലെ സെക്ഷൻ 7 പ്രകാരമാണ് ഈ നാടുകടത്തൽ നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ സമാജ്വാദി പാർട്ടി മഹാരാഷ്ട്ര ഘടകം അധ്യക്ഷൻ അബു അസ്മി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
“ഇത് തെറ്റായ നടപടിയാണ്. ഇമ്രാൻ ഖാൻ ഈ നാടിന്റെ മകനാണ്.
പൗരത്വം മാറിയിട്ടുണ്ടെങ്കിലും ഈ രാജ്യവുമായി അദ്ദേഹത്തിന് ഇപ്പോഴും ബന്ധമുണ്ട്. ഒരുപാട് ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് പോയിട്ടുണ്ടെങ്കിലും, അവർ ഇന്നും തങ്ങളുടെ മാതൃരാജ്യത്തെ സ്നേഹിക്കുന്നുണ്ട്.
അദ്ദേഹം ഇവിടെ വന്ന് എന്തെങ്കിലും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ, ഇത്തരം കടുത്ത നടപടികൾ സ്വീകരിച്ച് എത്രയും വേഗം രാജ്യം വിടാൻ നിർബന്ധിക്കുന്നത് ശരിയല്ല”- അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ നടനോടൊപ്പം പങ്കാളി ലേഖ വാഷിംഗ്ടൺ, ബന്ധു സെയ്ൻ മേരി ഖാൻ എന്നിവരും പങ്കെടുത്തിരുന്നു.
ഇവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുകയുണ്ടായി. പൊലീസ് വാനിനുള്ളിലിരിക്കുന്ന ചിത്രം പിന്നീട് ഇമ്രാൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
ഈ നഗരത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് ഇമ്രാൻ ഖാൻ ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

