പത്തനംതിട്ട ജില്ലയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടയിൽ അന്യസംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പത്തനംതിട്ട ആനപ്പാറ ചുട്ടിപ്പാറ വടക്കേതിൽ വീട്ടിൽ നൗഫൽ നജീബ് (34) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തും പത്തനംതിട്ടയിൽ താമസിച്ച് ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാൾ ജാൽപ്പായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖ് (34) നേയാണ് പ്രതി വലിയ കരിങ്കല്ല് കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ നൗഫൽ നജീബ് സുഹൃത്തായ മുഹമ്മദ് സിദ്ദീഖിനോട് പണം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ മുൻപ് മദ്യപിക്കുന്നതിനായി നൽകിയ പണം സിദ്ദീഖ് തിരികെ ചോദിച്ചത് നൗഫലിനെ പ്രകോപിപ്പിച്ചു. ഇത് ഇരുവർക്കുമിടയിൽ വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചു.
പ്രകോപിതനായ നജീബ് സിദ്ദിഖിനെ മർദ്ദിച്ച് നിലത്തിടുകയും, തുടർന്ന് ശരീരത്തേക്ക് വലിയ കരിങ്കല്ല് എടുത്ത് പലതവണ ഇട്ട് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഇരു കാലുകളുടെയും അസ്ഥി ഒടിഞ്ഞു നുറുങ്ങിയ മുഹമ്മദ് സിദ്ദീഖിനെ ഉടൻതന്നെ പത്തനംതിട്ട
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിദ്ദീഖിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പത്തനംതിട്ട
പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത നൗഫലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി അരുൺ, എസ് എച്ച്ഒ അനീഷ് എബ്രഹാം, എസ്ഐ ഹരി കൃഷ്ണൻ, ഗ്രേഡ് എഎസ്ഐ അയ്യൂബ്ഖാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉമേഷ്, റാംമോഹൻ, സുബിൻ, സിപിഒ സുധീഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

