എറണാകുളം നെടുമ്പാശ്ശേരിയിലുണ്ടായ മിനി കൂപ്പർ കാറപകടത്തിൽ പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ഇതുസംബന്ധിച്ച സാമ്പിൾ പരിശോധനാ ഫലം പൊലീസിന് ലഭിച്ചു.
പ്രതിയുടെ ശരീരത്തിൽ ഉയർന്ന അളവിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായാണ് പരിശോധനാ ഫലത്തിലുള്ളത്. കൂടാതെ, പ്രതി മറ്റ് ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് വിശദമായ പരിശോധനകൾ നടത്തിവരികയാണ്.
അപകടവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സുഹൈൽ സജീവിനെ അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പിനായി എത്തിച്ചു. അപകടം നടന്ന എയർപോർട്ട് റോഡിലും, സംഭവത്തിന് മുൻപ് പ്രതികൾ മദ്യം കഴിച്ച ബാറുകളിലുമാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
കേസിലെ മുഖ്യപ്രതിയായ സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി സംഭവസ്ഥലങ്ങളിൽ എത്തിച്ചത്. ആദ്യം മൂന്ന് ജീവനുകൾ അപഹരിച്ച വാഹനാപകടം നടന്ന എയർപോർട്ട് റോഡിലേക്കാണ് പ്രതിയെ കൊണ്ടുപോയത്.
എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത്, അപകടസ്ഥലത്ത് പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയില്ല. എങ്കിലും, അപകടം നടന്ന കൃത്യമായ സ്ഥലവും അതിനുശേഷം വാഹനം നിർത്തിയിട്ട
ഇടവും പ്രതി അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു നൽകി. തുടർന്ന് അതിവേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി.
അപകടത്തിന് തൊട്ടുമുമ്പ് പ്രതികൾ അവസാനമായി മദ്യം സേവിച്ചത് ഈ ബാറിൽ വെച്ചായിരുന്നു. ഇവിടെ തെളിവെടുപ്പ് നടപടികൾ ഏറെ നേരം നീണ്ടുനിന്നു.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മറ്റ് ബാറുകളിലും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

