ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഘ ഓഹരി വിൽപനയ്ക്ക് (ഐപിഒ) കളമൊരുങ്ങുന്നു. റിലയൻസ് ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ ഈ മാസം 21ന് ആരംഭിക്കും.
നിക്ഷേപകർക്ക് 23 വരെ ഓഹരികൾക്കായി അപേക്ഷ സമർപ്പിക്കാം. ഓഹരി അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ 26ന് അറിയാൻ സാധിക്കും.
തുടർന്ന് 28ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും കമ്പനിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യും. 1065-1119 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
ഈ ഐപിഒയിലൂടെ ആകെ 30,213 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഐപിഒ ആയി ഇത് ചരിത്രം കുറിക്കും.
ഓഹരിയൊന്നിന് 10 രൂപ മുഖവിലയുള്ള 27 കോടി വരെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഈ പബ്ലിക് ഇഷ്യുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കമ്പനി ജീവനക്കാർക്കായി 500 കോടി രൂപയുടെ ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്കായി 2,500 കോടിയുടെ ഓഹരികളും പ്രത്യേകമായി മാറ്റിവെച്ചിട്ടുണ്ട്.
രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഒയിലൂടെ വൻ തുക സമാഹരിക്കാൻ ഒരുങ്ങുന്നുണ്ടെങ്കിലും, ജിയോ പ്ലാറ്റ്ഫോംസിലെ തങ്ങളുടെ ഓഹരികൾ ഗൂഗിളും മെറ്റയുമടക്കമുള്ള വൻകിട നിക്ഷേപകർ വിൽക്കാൻ തയാറായിട്ടില്ല.
ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) ഒഴിവാക്കി 27 കോടി പുതിയ ഇക്വിറ്റി ഓഹരികൾ മാത്രം വിപണിയിലെത്തിക്കുന്ന രീതിയാണ് ജിയോ സ്വീകരിച്ചിരിക്കുന്നത്. പ്രമുഖ ആഗോള നിക്ഷേപകരും വെൽത്ത് ഫണ്ടുകളും ടെക് ഭീമന്മാരുമെല്ലാം ജിയോയുടെ പങ്കാളികളാണ്.
നിലവിൽ ജിയോ പ്ലാറ്റ്ഫോംസിൽ മെറ്റയുടെ ജാദു ഹോൾഡിങ്സിന് 9.98 ശതമാനവും ഗൂഗിൾ ഇന്റർനാഷനലിന് 7.73 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. പ്രമുഖ വ്യവസായ ശൃംഖലയായ റിലയൻസ് ഇൻഡസ്ട്രീസിന് ജിയോ പ്ലാറ്റ്ഫോംസിൽ 66.43 ശതമാനം ഓഹരിയാണുള്ളത്.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആർ ഗ്രൂപ്പ്, വിസ്റ്റ ഇക്വിറ്റി പാർട്നേഴ്സ് എന്നിവർക്ക് ജിയോയിൽ 2.31% വീതം ഓഹരികളുണ്ട്. സിൽവർ ലേക്ക്, യുഎഇ ആസ്ഥാനമായുള്ള മുബദല, ജനറൽ അറ്റ്ലാന്റിക്, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ടിപിജി തുടങ്ങിയവയാണ് മറ്റ് പ്രധാന നിക്ഷേപകർ.
ഗ്രേ വിപണിയിലെ മുന്നേറ്റം
ഐപിഒ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ജിയോ പ്ലാറ്റ്ഫോംസിന്റെ ഗ്രേ മാർക്കറ്റ് വ്യാപാരം ശക്തമായിക്കഴിഞ്ഞു. അനൗദ്യോഗിക വിപണിയിൽ പ്രഖ്യാപിച്ച പ്രൈസ് ബാൻഡിനേക്കാൾ 200 മുതൽ 220 രൂപ വരെ അധിക നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ഉയർന്ന വില പരിധിയിൽ നിന്ന് 15–18 ശതമാനത്തിലേറെ നേട്ടത്തോടെയുള്ള ലിസ്റ്റിങ് ആണ് ഇത് സൂചിപ്പിക്കുന്നത്. ജിയോ പ്ലാറ്റ്ഫോംസ് ഓഹരിയൊന്നിന് 1,065 മുതൽ 1,119 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
ഇതുവഴി കമ്പനിയുടെ ആകെ മൂല്യം ഏകദേശം 10.3 ലക്ഷം കോടി ഡോളറായി ഉയരും. 1300–1400 രൂപ നിരക്കിലായിരിക്കും ലിസ്റ്റിങ് നടക്കുകയെന്നാണ് പ്രാഥമിക സൂചനകൾ.
എങ്കിലും സ്ഥാപന നിക്ഷേപകരുടെ താൽപര്യം, ആങ്കർ ബുക്ക് വിവരങ്ങൾ എന്നിവ ലഭ്യമാകുന്നതോടെ ഈ കണക്കുകളിൽ മാറ്റം വന്നേക്കാം. ഒരു ദശാകത്തിന് മുൻപ് മാത്രം ആരംഭിച്ച ടെലികോം സേവന സംരംഭം ഇന്ന് ആഗോള തലത്തിൽ തന്നെ സാങ്കേതികവിദ്യ നൽകുന്ന വമ്പൻ ഡിജിറ്റൽ പ്ലാറ്റ്ഫോമായി വളർന്നു കഴിഞ്ഞു.
ഈ സുപ്രധാന ഘടകം തന്നെയാണ് നിക്ഷേപകരെ ജിയോ ഓഹരികളിലേക്ക് ആകർഷിക്കുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയിൽ നിന്ന് 27,500 കോടി രൂപ വരെ കമ്പനിയുടെ നിലവിലെ കടങ്ങൾ വീട്ടാൻ ഉപയോഗിക്കുമെന്ന് കരട് രേഖകളിൽ വ്യക്തമാക്കുന്നു.
റിലയൻസ് ജിയോ ഇൻഫോകോമുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് ഇതിൽ മുൻഗണന നൽകുന്നത്.
ശേഷിക്കുന്ന തുക പൊതുവായ കോർപറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കും. ജിയോ പ്ലാറ്റ്ഫോംസിന്റെയും റിലയൻസ് ജിയോ ഇൻഫോകോമിന്റെയും ചെയർമാൻ ആകാശ് എം.
അംബാനിയാണ്. ഐപിഒയുമായി ബന്ധപ്പെട്ട് അമേരിക്ക, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ എന്നീവിടങ്ങളിൽ കമ്പനി വിജയകരമായി റോഡ്ഷോകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ആകാശ് അംബാനിയും ഇഷ അംബാനിയും വിവിധ നിക്ഷേപകരുമായി നേരിട്ട് കൂടൈക്കാഴ്ചകൾ നടത്തിയിരുന്നു. മൊബൈൽ സേവനങ്ങൾ, ഫിക്സഡ് ബ്രോഡ്ബാൻഡ്, ക്ലൗഡ് സേവനങ്ങൾ, വിനോദോപാധികൾ, എന്റർപ്രൈസ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ എന്നിവയെല്ലാം ജിയോ പ്ലാറ്റ്ഫോംസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ മാർച്ച് മാസത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം കമ്പനിക്ക് ഏകദേശം 52.4 കോടി വരിക്കാരുണ്ട്. ഐപിഒ ലിസ്റ്റിങ് നടപടികൾ പൂർത്തിയാകുന്നതോടെ റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കൊപ്പം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളുടെ മുൻനിര പട്ടികയിലേക്ക് ജിയോയും കടന്നുയരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

