കരമന കാലടി ഉമാ മന്ദിരത്തിലെ (കൂടത്തിൽ തറവാട്) ദൂരൂഹമരണ പരമ്പരയുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തിയ ആർ. അനിൽകുമാർ പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നു.
ചെറുപ്പം മുതലേ ആ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും, ജയമാധവൻ നായർ മരിച്ച ഉടൻ തന്നെ ബന്ധുക്കൾ എത്തുന്നതിന് മുൻപ് മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിക്കാൻ ശ്രമിച്ചതാണ് തനിക്ക് ആദ്യ സംശയത്തിന് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വർഷം തികയുന്നതിന് മുൻപ് നാട്ടുകാരല്ലാത്ത ചിലർ പുരയിടത്തിലെ മരങ്ങൾ മുറിച്ചു മാറ്റാനും അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും ശ്രമിച്ചതും മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തന്നെ പ്രേരിപ്പിച്ചു.
അന്വേഷണം നിർണ്ണായക ഘട്ടങ്ങളിലേക്ക് നീങ്ങിയപ്പോഴൊക്കെ ഉദ്യോഗസ്ഥർക്ക് മേൽ കനത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ആദ്യ അറസ്റ്റ് രേഖപ്പെടുത്താൻ ഒൻപത് വർഷത്തോളം എടുത്തു എന്നത് നിസ്സാരമായി കാണാനാകില്ല.
മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഗവർണർ എന്നിവർക്കൊക്കെ നിരന്തരം പരാതികൾ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയോട് പ്രത്യേക റിപ്പോർട്ട് തേടുകയുണ്ടായി.
പരാതി പിൻവലിക്കുന്നതിനായി വൻ വാഗ്ദാനങ്ങളും പിന്നീട് ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അനിൽകുമാർ പറയുന്നു. 2018ൽ പരാതി നൽകി ഏതാനും ദിവസങ്ങൾക്ക് ശേഷം, ഇടനിലക്കാർ വഴി ഒരേക്കറിലധികം ഭൂമി സ്വന്തം പേരിലാക്കിത്തരാമെന്ന ഓഫർ ലഭിച്ചിരുന്നു.
എന്നാൽ ഇതിന് വഴങ്ങാൻ തയ്യാറാകാതിരുന്നതോടെ ഭീഷണിപ്പെടുത്തലുകൾ ആരംഭിച്ചു. ഒരു സർക്കാർ കരാറുകാരനായ തനിക്ക് ഈ നിയമപോരാട്ടത്തെ തുടർന്ന് കനത്ത വ്യക്തിപരമായ നഷ്ടങ്ങളാണ് സംഭവിച്ചത്.
നിയമപരമായി ഏറ്റെടുത്ത പല പ്രവൃത്തികളും പൂർത്തിയാക്കാൻ സാധിച്ചില്ല. എതിർകക്ഷികളുടെ നിരന്തരമായ പരാതികളെ തുടർന്ന് വിജിലൻസ് അന്വേഷണം നേരിടേണ്ടി വന്നു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഒരു ദിവസം മുഴുവൻ തന്റെ മൊഴിയെടുക്കുകയും ചെയ്തു. അനധികൃത നിർമ്മാണമാണെന്നാരോപിച്ച് കാലടിയിലെ തന്റെ കെട്ടിടം പൊളിച്ചു കളയാൻ കോർപ്പറേഷൻ നോട്ടിസ് നൽകിയെങ്കിലും, ഹൈക്കോടതിയിൽ അപ്പീൽ നൽകിയതു കൊണ്ടാണ് ആ നടപടിയിൽ നിന്നും രക്ഷനേടാനായത്.
കുടുംബാംഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യം പോലും ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടിലിൽ നിന്നും വീണ് മരിച്ചതാണെന്ന് വരുത്തിതീർത്ത ജയപ്രകാശിന്റെ മരണവും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, കരമന കാലടി ഉമാ മന്ദിരത്തിൽ (കൂടത്തിൽ തറവാട്) ജയമാധവൻ നായർ (63) 2017 ഏപ്രിൽ 2നു കൊല്ലപ്പെട്ട കേസിൽ 3 പ്രതികളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തൽ.
കഴിഞ്ഞ ദിവസം പിടിയിലായ കാര്യസ്ഥൻ കരമന കോവിൽവിളാകം രവീന്ദ്രൻ നായർക്ക് പുറമേ ജഗതി കണ്ണേറ്റുമുക്ക് സ്വദേശി സാജു, കരമന സ്വദേശി അനിൽകുമാർ എന്നിവരാണ് മറ്റ് പ്രതികൾ. കൊലപാതകത്തിന് ഇവർ എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
എന്നാൽ ഇതിൽ അനിൽകുമാർ മൂന്ന് വർഷം മുൻപ് മരണപ്പെട്ടിരുന്നു. രവീന്ദ്രന്റെ അടുത്ത കൂട്ടാളിയായ സാജു നിലവിൽ വിദേശത്താണുള്ളത്.
ഇയാളെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. തലയ്ക്കടിച്ചാണോ അതോ തള്ളിയിട്ടാണോ കൊലപാതകം നടത്തിയത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
പ്രധാന പ്രതിയായ രവീന്ദ്രൻ നായരെ കർണാടക മഡിവാളയിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ എത്തിച്ചാണ് ബ്രെയിൻ മാപ്പിങ് പരിശോധന നടത്തിയത്. ഈ ശാസ്ത്രീയ പരിശോധനയിൽ ഇതുവരെ നൽകിയ എല്ലാ മൊഴികളും വ്യാജമാണെന്ന് തെളിഞ്ഞു.
വീട്ടുജോലിക്കാരിയായ ലീലയും കേസിൽ നിർണ്ണായക തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജയമാധവൻ നായർ കിടന്നിരുന്ന കട്ടിലിലെ രക്തക്കറ പുരണ്ട
ബെഡ്ഷീറ്റും തലയണയും അടക്കമുള്ളവ ഇവർ നശിപ്പിച്ചു കളഞ്ഞു. കേസിലെ മറ്റു പ്രതികളുടെ പങ്ക്, തെളിവുനശിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
റിമാൻഡിൽ കഴിയുന്ന രവീന്ദ്രൻ നായരെ രണ്ടു ദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനിടയിൽ, സ്വത്തുക്കൾ സ്വന്തമാക്കാൻ വ്യാജ വിൽപത്രവും ആധാരങ്ങളും നിർമ്മിച്ച സംഭവത്തിൽ കൂടത്തിൽ തറവാട്ടിലെ മറ്റു ബന്ധുക്കളും കേസിൽ കക്ഷിചേർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

