നിക്ഷേപകർ നേരിടുന്ന നികുതിഭാരം എടുത്തുകളയുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് തയാറാണെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ആവേശം. ഇന്ന് വ്യാപാരം ആരംഭിച്ചതു മുതൽ നേട്ടത്തിലായിരുന്ന സെൻസെക്സും നിഫ്റ്റിയും, ഉച്ചയ്ക്കുശേഷം ധനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ കൂടുതൽ ഉയരങ്ങൾ കീഴടക്കുകയായിരുന്നു.
ഉച്ചയ്ക്ക് 2.15 വരെ 72,615 പോയിന്റിൽ നിന്നിരുന്ന സെൻസെക്സ് വ്യാപാരം പൂർത്തിയാക്കിയത് 1109.10 പോയിന്റ് അഥവാ 1.54% നേട്ടത്തോടെ 73,033.78 ലാണ്. സമാനമായ രീതിയിൽ, 22,587 പോയിന്റിലുണ്ടായിരുന്ന നിഫ്റ്റി 358.60 പോയിന്റ് (1.60%) ഉയർന്ന് 22,721.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എൽടിസിജിയും എസ്ടിടിയും സംബന്ധിച്ച ധനമന്ത്രിയുടെ നിലപാട് ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപകർക്കുമേൽ കേന്ദ്രസർക്കാർ ചുമത്തുന്ന ദീർഘകാല മൂലധന നേട്ട നികുതി (എൽടിസിജി) പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകളോട് കേന്ദ്രത്തിന് തികച്ചും അനുകൂലമായ സമീപനമാണുള്ളതെന്ന് ധനമന്ത്രി ഒരു ചടങ്ങിൽ വ്യക്തമാക്കി.
‘‘ഒട്ടേറെപ്പേർ എൽടിസിജിയെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഇന്ത്യക്കാരും വിദേശ നിക്ഷേപകരമുണ്ട്.
ഓഹരി കൈമാറ്റ നികുതിയെ (എസ്ടിടി) കുറിച്ചും ചർച്ചകൾ നടക്കുന്നു. വിവിധ നിക്ഷേപ വിഭാഗങ്ങളെ ഒരുപോലെ പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്.
ചർച്ചകളിൽ സർക്കാരിന് തുറന്ന സമീപനമാണുള്ളത്’’ – നിർമല സീതാരാമൻ വ്യക്തമാക്കി. എന്താണ് എൽടിസിജിയും എസ്ടിടിയും? പന്ത്രണ്ട് മാസത്തിലധികം കൈവശം വച്ചശേഷം വിൽക്കുന്ന ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം 1.25 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ ഈടാക്കുന്ന നികുതിയാണ് എൽടിസിജി.
ആഭ്യന്തര, വിദേശ നിക്ഷേപകർക്ക് ഒരുപോലെ ബാധകമായ ഈ നികുതി നിരക്ക് 12.5 ശതമാനമാണ്. നിക്ഷേപകരെ വിപണിയിൽ ദീർഘകാലം നിലനിർത്തുന്നതിനായി ഇത് എടുത്തുകളയണമെന്ന ആവശ്യം ശക്തമാണ്.
എസ്ബിഐ റിസർച്ചും സമാനമായ ആവശ്യം അടുത്തിടെ ഉന്നയിച്ചിരുന്നു. പതിനഞ്ച് ശതമാനമായിരുന്ന നികുതിയും ഒരു ലക്ഷം രൂപയെന്ന പരിധിയും 2024 ജൂലൈയിലെ ബജറ്റിലാണ് ധനമന്ത്രി യഥാക്രമം 12.5 ശതമാനവും 1.25 ലക്ഷം രൂപയുമായി പുനഃക്രമീകരിച്ചത്.
എന്നാൽ ഈ നികുതി ഭീമമാണെന്നും വിപണിയിലേക്കുള്ള പണലഭ്യതയെ ബാധിക്കുന്നുവെന്നും നിക്ഷേപകർ തുടർച്ചയായി വിമർശിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടാൻ കാരണങ്ങളിൽ ഒന്നും ഇതാണ്.
2026ൽ ഇതുവരെ മാത്രം ഇന്ത്യൻ വിപണിക്ക് നഷ്ടപ്പെട്ട വിദേശ നിക്ഷേപം 3.04 ലക്ഷം കോടി രൂപയാണ്.
ഇതിൽ ഒക്ടോബറിൽ മാത്രം നഷ്ടമായത് 44,166 കോടി രൂപയാണ്. ഓഹരികളുടെ വാങ്ങലും വിൽപനയും നടത്തുമ്പോൾ ഈടാക്കുന്ന സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) നിരക്ക് 0.1 ശതമാനമാണ്.
എന്നാൽ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസുകളുടെ (എഫ് ആൻഡ് ഒ) നികുതി നിരക്കുകൾ ഇതിൽ നിന്ന് വ്യത്യസ്തമാണ്. വിപണിയിലെ ആവേശത്തിന് പിന്നിലെന്ത്? എൽടിസിജി ഒഴിവാക്കുന്നതും എസ്ടിടി പരിഷ്കരിക്കുന്നതുമടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാമെന്ന ധനമന്ത്രിയുടെ വാക്കുകൾ നിക്ഷേപകരിൽ വലിയ പ്രതീക്ഷയാണ് ജനിപ്പിച്ചിരിക്കുന്നത്.
2027 ഫെബ്രുവരിയിൽ അവതരിപ്പിക്കാനിരിക്കുന്ന അടുത്ത ബജറ്റിൽ ഈ നിർദ്ദേശങ്ങൾ ഇടംപിടിച്ചേക്കും. ഇത് വിപണിയിലേക്ക് വൻതോതിൽ പണമൊഴുക്ക് ശക്തമാക്കാൻ വഴിയൊരുക്കും.
കൂടാതെ ഓഹരി, സ്വർണം, റിയൽ എസ്റ്റേറ്റ്, ബാങ്ക് നിക്ഷേപങ്ങൾ, കടപ്പത്രങ്ങൾ എന്നിവയെല്ലാം ഒരുപോലെ പരിഗണിച്ച് ഒറ്റ നികുതിനിരക്ക് ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ധനമന്ത്രി സൂചിപ്പിച്ചു. ഇത് നിക്ഷേപകരുടെ ഭാരം ലഘൂകരിക്കുകയും വിപണിയെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
മുന്നേറ്റത്തിന് കാരണമായ മറ്റ് ഘടകങ്ങൾ ഐടി ഓഹരികളായ എച്ച്സിഎൽ ടെക്, ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നിവ 8% വരെ മുന്നേറിയത് വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടി. സെപ്റ്റംബർ പാദത്തിൽ എച്ച്സിഎൽ ടെക്കിന്റെ ലാഭം 21.2% വർധിച്ചതും വരുമാനത്തിലുണ്ടായ വളർച്ചയും ഐടി മേഖലയ്ക്ക് ഊർജ്ജമായി.
നിഫ്റ്റി ഐടി സൂചിക അഞ്ച് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കഴിഞ്ഞ ദിവസങ്ങളിലെ വിപണി ഇടിവിനെ തുടർന്ന് പല കമ്പനികളുടെയും ഓഹരി വില ഐപിഒ വിലയിലും താഴേക്ക് പതിച്ചിരുന്നു.
ഇത് ആകർഷകമായ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചതും (വാല്യൂ ബയിങ്) സൂചികകളെ മികച്ച നേട്ടത്തിലേക്ക് നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

