തിരുവനന്തപുരം∙ കുടുംബത്തിലെ ഏഴു പേര് ദുരൂഹമായി മരിച്ച കേസില് തെളിവുകള് ഒന്നൊന്നായി ഒളിപ്പിക്കാന് പ്രതി രവീന്ദ്രന് നായര് നടത്തിയ ശ്രമങ്ങളെ ജില്ലാ ക്രൈം ബ്രാഞ്ച് പൊളിച്ചടുക്കിയത് ശാസ്ത്രീയ പരിശോധനകളുടെ ബലത്തിലാണ്. തെളിവുകളും മൊഴികളും എതിരായിട്ടും കുറ്റം ശക്തമായി നിഷേധിക്കുകയാണ് രവീന്ദ്രന് നായര് ചെയ്തിരുന്നത്.
ഈ സാഹചര്യത്തിലാണ് ബ്രെയിന് ഇലക്ട്രിക്കല് ഓസിലേഷന് സിഗ്നേച്ചര് പ്രൊഫൈലിങ് നടത്താന് അന്വേഷണസംഘം തീരുമാനിച്ചത്. തുടര്ന്ന് രവീന്ദ്രന് നായരെ കർണാടക മഡിവാളയിലെ ഫോറന്സിക് സയന്സ് ലബോറട്ടറിയില് എത്തിച്ചായിരുന്നു പരിശോധന നടത്തിയത്.
അതുവരെ നല്കിയ മൊഴികള് എല്ലാം കള്ളമാണെന്നാണ് പരിശോധനയില് വ്യക്തമായത്. ഈ പരിശോധനാ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് വീണ്ടും നടത്തിയ ചോദ്യം ചെയ്യലാണ് പ്രതിയുടെ പങ്ക് ഉറപ്പിച്ചത്.
പരിശോധനയ്ക്കു വിധേയനാക്കപ്പെടുന്ന വ്യക്തി നല്കുന്ന മറുപടികള്ക്കു പകരം മസ്തിഷ്കത്തില് ഉണ്ടാകുന്ന വ്യതിയാനങ്ങള് വിലയിരുത്തി കംപ്യൂട്ടര് അധിഷ്ഠിതമായി ഉത്തരം കണ്ടെത്തുകയാണ് ഈ പരിശോധനയിലൂടെ ചെയ്യുന്നത്. ഇലക്ട്രോഡുകള് ഘടിപ്പിച്ച തൊപ്പി (ഇഇജി ക്യാപ്പ്) തലയില് ധരിപ്പിച്ച ശേഷമാണ് ചോദ്യങ്ങള് ചോദിക്കുന്നത്.
മരുന്നു കുത്തിവയ്ക്കുന്നതുള്പ്പെടെ ഒരു നടപടിയും ഈ പരിശോധനയില് ഇല്ല. ചോദ്യം കേള്ക്കുന്ന വേളയില് തലച്ചോറില് ഉണ്ടാകുന്ന വൈദ്യുതതരംഗങ്ങള് പരിശോധിച്ചാണ് നിഗമനത്തിലേക്ക് എത്തുന്നത്.
മസ്തിഷ്കത്തിന് മുന്പ് അനുഭവവേദ്യമായിട്ടുള്ള കാര്യങ്ങളോട് പുതുതായി ലഭിക്കുന്ന വിവരങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായാവും ഓരോ വ്യക്തിയും പ്രതികരിക്കുക എന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനം. ബെംഗളൂരു നിംഹാന്സിലെ ക്ലിനിക്കല് സൈക്കോളജി വിഭാഗം മേധാവിയായിരുന്ന പ്രഫ.സി.ആര്.മുകന്ദന് ആണ് ഈ പരിശോധനാ രീതിയുടെ ഉപജ്ഞാതാവ്.
2017 ഏപ്രില് 2ന് വീട്ടില് കട്ടിലില് നിന്നു വീണുകിടന്ന ജയമാധവനെ ഓട്ടോയില് മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെന്നാണ് രവീന്ദ്രന് മൊഴി നല്കിയിരുന്നത്. എന്നാല് ഇതു പച്ചക്കള്ളമാണെന്ന് കാര്യകാരണ സഹിതം അന്വേഷസംഘം തെളിവു നിരത്തിയിട്ടും അതു നിഷേധിക്കുകയാണ് രവീന്ദ്രന് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ അനിലിന്റെ കാറിലാണ് ജയമാധവരെ രവീന്ദ്രന് ആശുപത്രിയില് എത്തിച്ചത്. ജയമാധവന്റെ രക്തം കാറില് കണ്ടെത്തിയിരുന്നു.
ഓട്ടോയിലാണ് കൊണ്ടുപോയതെന്നു പറഞ്ഞാല് 5 ലക്ഷം രൂപ നല്കാമെന്ന് ഓട്ടോ ഡ്രൈവറോട് രവീന്ദ്രന് പറഞ്ഞതും പുറത്തുവന്നു. രവീന്ദ്രന്റെ മൊഴിയിലെ പൊരുത്തക്കേടുകള് കണ്ടെത്തിയതോടെയാണ് സംശയമുന അദ്ദേഹത്തിലേക്കു നീണ്ടത്.
ഫൊറന്സിക് വിദഗ്ധരുടെ പരിശോധനയില് കട്ടിലില് രക്തക്കറകള് കണ്ടെത്തിയത് കൊലപാതകത്തിന്റെ സൂചനകള് നല്കി. രക്തം മനുഷ്യന്റേതാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ജയമാധവന്റെ ബന്ധുവിന്റെ രക്തസാംപിളുമായി അതു താരതമ്യം ചെയ്തു.
രക്തം ജയമാധവന്റേതാണെന്ന് ഇതുവഴി ഉറപ്പിച്ചു. തലയ്ക്കേറ്റ പരുക്കാണു മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടത്തില് വ്യക്തമായി.
ഇതിനു പുറമെ മരണത്തിനു തൊട്ടുമുന്പ് ജയമാധവനെ ശ്വാസംമുട്ടിച്ചതായും കണ്ടെത്തി. തുടര്ന്ന് കോഴിക്കോട് നാഷനല് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ (എന്ഐടി) ബയോമെക്കാനിക്സ് വിഭാഗത്തില് നടത്തിയ വിശദ പരിശോധനയില് കട്ടിലില് നിന്നു വീണല്ല തലയ്ക്കു പരുക്കേറ്റതെന്നു സ്ഥിരീകരിച്ചു.
ഇതിനിടെ രക്തം പുരണ്ട തടിക്കഷണം വീട്ടില് നിന്നു കണ്ടെടുത്തതോടെ കരുതിക്കൂട്ടിയുള്ള കൊലപാതകമാണു നടന്നതെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.
മെഡിക്കല് റിപ്പോര്ട്ടുകള്, മൊഴികള്, ഫൊറന്സിക് പരിശോധനാഫലം എന്നിവയെല്ലാം കൂട്ടിയോജിച്ചപ്പോള് രവീന്ദ്രന്റെ പങ്ക് വ്യക്തമായി. എന്നാല് എല്ലാ കുറ്റങ്ങളും രവീന്ദ്രന് നിഷേധിച്ചതോടെയാണ് ബ്രെയിന് ഇലക്ട്രിക്കല് ഓസിലേഷന് സിഗ്നേച്ചര് പ്രൊഫൈലിങ് നടത്താന് തീരുമാനിച്ചത്.
ജയമാധവന്റെ സ്വത്തുക്കള് തട്ടിയെടുക്കാന് രവീന്ദ്രന് വ്യാജ വില്പത്രം തയാറാക്കിയതായി കണ്ടെത്തിയത് അന്വേഷണത്തില് വഴിത്തിരിവായി. വില്പത്രത്തിലെ ഒപ്പ് ജയമാധവന്റേതല്ലെന്നു ഫൊറന്സിക് പരിശോധനയില് സ്ഥിരീകരിച്ചു.
അവിവാഹിതനായ ജയമാധവന് വിവാഹം കഴിക്കാന് തീരുമാനിച്ചതോടെ, വ്യാജമായി സൃഷ്ടിച്ച വില്പത്രം അസാധുവാകുമെന്നും സ്വത്തുക്കള് നഷ്ടപ്പെടാമെന്നുമുള്ള ചിന്തയാണ് കൊലപാതകം നടത്താന് രവീന്ദ്രനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജയമാധവന് വിവാഹം കഴിച്ചാല് സ്വത്തുക്കള്ക്ക് മറ്റ് അവകാശികള് വരുമെന്ന ആശങ്കയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

