ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനും പരിശീലകൻ ഗൗതം ഗംഭീറിനുമെതിരെ രൂക്ഷവിമർശനവുമായി കൗമാര താരം വൈഭവ് സൂര്യവംശിയുടെ മുൻ പരിശീലകൻ മനീഷ് ഓജ രംഗത്ത്. ഇന്ത്യൻ ടീം മാനേജ്മെന്റിൽ നിലവിൽ ഏകാധിപത്യമാണ് നടക്കുന്നതെന്നും വൈഭവിന് കളിക്കാൻ അവസരം നൽകാതെ ബെഞ്ചിലിരുത്തുന്നതിൽ ന്യായീകരണവുമില്ലെന്നും മനീഷ് ഓജ തുറന്നടിച്ചു.
വൈഭവിനെപ്പോലെ കഴിവുള്ള ഒരു പ്രതിഭ സ്ക്വാഡിലുണ്ടായിട്ടും പ്ലേയിംഗ് ഇലവനിൽ അവസരം നൽകാത്തത് വലിയ അനീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിവ് തെളിയിച്ച കളിക്കാർക്ക് തുടർച്ചയായി അവസരങ്ങൾ നൽകി, മത്സര സമ്മർദ്ദങ്ങൾ അതിജീവിക്കാനും കളി കൂടുതൽ മെച്ചപ്പെടുത്താനുമാണ് ടീം മാനേജ്മെന്റ് പിന്തുണ നൽകേണ്ടത്.
എന്നാൽ കളിക്കാരെ ബെഞ്ചിലിരുത്തി വളർത്തുന്ന വിചിത്രമായ രീതിയാണ് ഇന്ത്യൻ ടീമിൽ നടക്കുന്നത്. ബെഞ്ചിലിരുന്ന് ഒരു കളിക്കാരനും വളർന്നിട്ടില്ലെന്നും മനീഷ് ഓജ പറഞ്ഞു.
തുടർച്ചയായ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുന്നത് വൈഭവിന്റെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലേയിംഗ് ഇലവനില് അവസരം കിട്ടാനായി നീളുന്ന ഈ കാത്തിരിപ്പ് താരത്തിന്റെ പ്രകടനത്തെയും മാനസികാവസ്ഥയെയും ബാധിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വൈഭവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. നാലാം മത്സരത്തിലും താരം ബെഞ്ചിൽ തുടരാനാണ് സാധ്യതയെന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് മുൻ പരിശീലകന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

