ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ രാത്രിയിൽ ഇരുട്ടിൽ ആളൊഴിഞ്ഞ പ്രദേശത്ത് ഇറക്കിവിട്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഈ അപലപനീയമായ സംഭവം അരങ്ങേറിയത്.
പാലക്കാട്ടുനിന്നു മലമ്പുഴയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് പെൺകുട്ടിയെ നാല് കിലോമീറ്റർ അകലെ ചെറാട് ഭാഗത്തെ വിജനമായ സ്ഥലത്ത് ബലമായി ഇറക്കിവിട്ടത്. സംഭവസമയത്ത് ബസിൽ ഈ വിദ്യാർത്ഥിനി മാത്രമാണ് ഉണ്ടായിരുന്നത്.
ബസിൽ മറ്റ് യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വാഹനം മലമ്പുഴയിലേക്ക് സർവീസ് നടത്തുന്നില്ലെന്നും ഇവിടെ ഇറങ്ങണമെന്നും ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാർത്ഥി വ്യക്തമാക്കി. വീട്ടിലേക്ക് നാല് കിലോമീറ്ററിലധികം ദൂരമുണ്ടെന്നും വഴിയിൽ കനത്ത ഇരുട്ടാണെന്നും വന്യമൃഗശല്യം രൂക്ഷമാണെന്നും കരഞ്ഞുപറഞ്ഞിട്ടും ജീവനക്കാർ വഴങ്ങിയില്ലെന്ന് പെൺകുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തുടർന്ന് ഇരുട്ടിൽ ഭയന്നോണം ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ നാട്ടുകാർ കണ്ടുവിവരം തിരക്കിയപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തിയാണ് പെൺകുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.
സംഭവത്തിൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് (ആർടിഒ) ഔദ്യോഗികമായി പരാതി നൽകുമെന്ന് തെക്കേ മലമ്പുഴ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ എം.ഹരീഷ് അറിയിച്ചു. വൈകിട്ട് ഏഴ് മണിക്ക് ശേഷം ഈ റൂട്ടിലോടുന്ന പല സ്വകാര്യ ബസുകളും ചെറാട് ഭാഗത്ത് യാത്ര അവസാനിപ്പിക്കുന്നതായി നേരത്തെയും വ്യാപക പരാതിയുണ്ട്.
ഇവിടെനിന്ന് രാത്രികാലങ്ങളിൽ മറ്റ് യാത്രാസൗകര്യങ്ങളും ലഭ്യമല്ല. ഇതിന് മുൻപും സമാനമായ രീതിയിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്ത സ്ത്രീയെയും ഇതേ ജീവനക്കാർ വഴിയിലിറക്കിവിട്ടിരുന്നു.
അന്ന് മൂന്ന് കിലോമീറ്ററോളം രാത്രിയിൽ നടന്നാണ് ആ സ്ത്രീ വീട്ടിലെത്തിയത്. ഇതിനെതിരെ നാട്ടുകാർ ബസ് തടഞ്ഞുനിർത്തി ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടും ഇന്നലെ വീണ്ടും സമാനമായ സംഭവം ആവർത്തിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

