തമിഴ്നാട്ടിലെ തങ്ങളുടെ ആദ്യ ഔട്ട്ലെറ്റുകളുടെ ഔദ്യോഗിക പ്രവർത്തനത്തിന് ലുലു ഗ്രൂപ്പ് തുടക്കമിട്ടു. ചെന്നൈ സെൻട്രൽ, ഷെണോയ് നഗർ മെട്രോ സ്റ്റേഷനുകളിലാണ് പുതിയ റീട്ടെയ്ൽ സംരംഭങ്ങൾ ആരംഭിച്ചിരിക്കുന്നത്.
നിയമസഭാ സ്പീക്കർ ജെ.സി.ഡി.പ്രഭാകർ ചടങ്ങിൽ ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഭക്ഷ്യസംസ്കരണ യൂണിറ്റ്, തിരുപ്പൂരിൽ മിനി മാൾ എന്നിവയുൾപ്പെടെ തമിഴ്നാട്ടിൽ കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി വ്യക്തമാക്കി.
രാജ്യത്തെ മെട്രോ സ്റ്റേഷനുകളിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റാണു ഷെണോയ് നഗർ മെട്രോ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചത്. 56,000 ചതുരശ്ര അടി വിസ്തൃതിയുള്ള സൂപ്പർമാർക്കറ്റും 50,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഡിപ്പാർട്മെന്റ് സ്റ്റോറും ഉൾക്കൊള്ളുന്നതാണ് ഈ വലിയ സമുച്ചയം.
കൂടാതെ, ഒരു ഫാഷൻ സ്റ്റോറും ലുലു കണക്ട് ഔട്ട്ലെറ്റും ഇവിടെ ഉപഭോക്താക്കൾക്കായി പ്രവർത്തിക്കും. സെൻട്രൽ മെട്രോ സ്റ്റേഷൻ കേന്ദ്രീകരിച്ച് ആരംഭിച്ച ലുലു ഡെയ്ലിക്കു 35,000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.
പലചരക്ക് സാധനങ്ങളും വിവിധ നിത്യോപയോഗ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. പുതിയതായി പ്രവർത്തനമാരംഭിച്ച രണ്ട് ഔട്ലെറ്റുകളും എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്നതായിരിക്കും.
ഉദ്ഘാടനച്ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ലുലു ഇന്ത്യ സിഇഒ എം.എ.നിഷാദ്, ഡയറക്ടർമാരായ വി.നന്ദകുമാർ, ജോയ് ഷഡാനന്ദൻ, റീജനൽ ഡയറക്ടർ ഇ.വി.രാജേഷ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

