ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ റോഡിന് നടുവിൽ മുട്ടുകുത്തി പ്രാർഥിക്കുകയായിരുന്ന ഇരുപതുകാരിയായ പാക്കിസ്ഥാൻ വിദ്യാർഥിനി വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ വിധി പ്രഖ്യാപിച്ചു.
സംഭവത്തിൽ പ്രതിയായ ആഷ്ടൺ ഫ്രണ്ട് (20) എന്ന യുവാവിന് സസ്പെൻഡ് ചെയ്ത തടവുശിക്ഷയാണ് ദക്ഷിണ ഓസ്ട്രേലിയൻ ജില്ലാ കോടതി വിധിച്ചത്. 2025 മേയ് 6-ന് രാത്രി 11 മണിയോടെ ഹിൽക്രെസ്റ്റിലെ നോർത്ത് ഈസ്റ്റ് റോഡിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
കോടതിയിൽ സമർപ്പിച്ച സിസിടിവി ദൃശ്യങ്ങൾ പ്രകാരം, സമിയ മാലിക് എന്ന വിദ്യാർഥിനി നാല് മിനിറ്റോളം റോഡിന്റെ മധ്യഭാഗത്ത് മുട്ടുകുത്തിയിരുന്ന് പ്രാർഥനയിലായിരുന്നു. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ സമിയയുടെ കൈകൾ പ്രാർഥനാഭാവത്തിൽ കൂപ്പിപ്പിടിച്ച നിലയിലായിരുന്നുവെന്ന് ജഡ്ജി ആൻ ബാർനെറ്റ് നിരീക്ഷിച്ചു.
സംഭവസ്ഥലത്ത് വെച്ച് വാഹനം നിർത്താതെ പോയ പ്രതി, താൻ ഇടിച്ചത് ഒരു കംഗാരുവിനെയാണെന്നാണ് കരുതിയതെന്നാണ് വാദിച്ചത്. എന്നാൽ, മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷം മാത്രമാണ് താൻ ഇടിച്ചത് ഒരു മനുഷ്യനെയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പ്രതി കോടതിയെ അറിയിച്ചു.
അപകടസമയത്ത് ആഷ്ടൺ ഫ്രണ്ട് മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ലെന്നും, നിശ്ചിത വേഗപരിധിയിലായിരുന്നു വാഹനം ഓടിച്ചതെന്നും കോടതി കണ്ടെത്തി. പ്രതിക്ക് പ്രതികരിക്കാൻ ലഭിച്ചത് വെറും 2.25 സെക്കൻഡ് മാത്രമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
കേസിൽ കുറ്റം സമ്മതിച്ച ആഷ്ടൺ ഫ്രണ്ടിന് ഒരു വർഷവും മൂന്ന് മാസവും 29 ദിവസവും തടവുശിക്ഷ വിധിച്ചെങ്കിലും, അത് സസ്പെൻഡ് ചെയ്യുകയായിരുന്നു. കൂടാതെ, 10 വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
എട്ട് മാസത്തെ നോൺ-പരോൾ കാലയളവും രണ്ട് വർഷത്തെ നല്ലനടപ്പ് വ്യവസ്ഥയും ശിക്ഷയുടെ ഭാഗമായുണ്ട്. സംഭവത്തിൽ താൻ ആത്മാർഥമായി ഖേദിക്കുന്നുവെന്നും, മരിച്ച സമിയയുടെ കുടുംബത്തോട് മാപ്പുചോദിക്കുന്നുവെന്നും പ്രതി കോടതിയിൽ വ്യക്തമാക്കി.
റോഡിൽ പ്രാർഥിക്കുകയായിരുന്ന യുവതിയെ മറ്റ് വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒഴിവാക്കി കടന്നുപോയതും, തൊട്ടുപിന്നാലെ എത്തിയ പൊലീസ് വാഹനം അപകടം ഒഴിവാക്കി നിർത്തിയതും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. താനാണ് അപകടത്തിന് കാരണക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടും ഉടൻ പൊലീസിനെ സമീപിക്കാൻ പ്രതി തയ്യാറായിരുന്നില്ലെന്ന കാര്യവും പ്രോസിക്യൂഷൻ ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

