കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജ്ജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കേസിന്റെ അന്വേഷണച്ചുമതലയുള്ള പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി) വീണാ ജോർജ്ജിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട്, കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയ ഉദ്യോഗസ്ഥരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തും. കെഎസ്യു പ്രവർത്തകർക്കെതിരേ ഇത്തരത്തിലുള്ള വകുപ്പുകൾ ചേർക്കാൻ നിർദേശം നൽകിയത് ആരാണെന്ന കാര്യവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.
അന്ന് വീണാ ജോർജ്ജിന്റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനും തീരുമാനമായിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തിൽ മുൻ മന്ത്രിയുടെ ഗൺമാന്റെയും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴികൾ എസ്ഐടി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അന്നത്തെ മന്ത്രിയായിരുന്ന വീണാ ജോർജ്ജിനെതിരെ കെഎസ്യു പ്രവർത്തകരുടെ ഭാഗത്തു നിന്നും കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. തുടർന്ന്, മാരകായുധങ്ങളുമായെത്തിയ കെഎസ്യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നായിരുന്നു ഗൺമാന്റെ പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ച് പേർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും, ഇവർ രണ്ടാഴ്ചയോളം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.
പിന്നീട് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെഎസ്യു പ്രവർത്തകരുടെ പരാതിയിലാണ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് പുനരന്വേഷണം നടത്താൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

