ട്രെയിൻ യാത്രക്കിടയിൽ മൊബൈൽ ഫോണിൽ സ്പീക്കർ ഉപയോഗിച്ച് ഉച്ചത്തിൽ പാട്ടുകളും വിഡിയോകളും കേൾക്കുന്നതിനും, സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിൽ സംസാരിക്കുന്നതിനുമെതിരെ കർശന നടപടി സ്വീകരിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്നും 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഈ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മൊബൈൽ ഇന്റർനെറ്റിന്റെ ഉപഭോഗം വർധിച്ചതോടെ ട്രെയിനുകളിൽ സ്പീക്കറിലൂടെ പാട്ടുകളും വിഡിയോകളും വെച്ചുനൽകുന്ന പ്രവണത വ്യാപകമായിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ വാണിജ്യ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, സ്റ്റേഷനുകളിലും തീവണ്ടികളിലും പൊതുജനങ്ങൾക്കായി പ്രത്യേക ബോധവൽക്കരണ അറിയിപ്പുകൾ നൽകണം.
മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്കു പുറമേ ഹിന്ദിയിലും ഇംഗ്ലിഷിലും ഇത്തരം സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യാനാണ് നിർദേശം. യാത്രക്കാർ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഇയർഫോണുകൾ ഉപയോഗിക്കണമെന്നും, സ്പീക്കർ മോഡിൽ ശബ്ദം വെക്കരുതെന്നും അറിയിപ്പുകളിൽ വ്യക്തമാക്കും.
ഈ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഒക്ടോബർ 20നകം സമർപ്പിക്കാൻ എല്ലാ റെയിൽവേ ഡിവിഷൻ ഓഫിസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ നിയമത്തിലെ 145ാം വകുപ്പ് പ്രകാരമാണ് നിയമലംഘകർക്കെതിരെ പിഴയും മറ്റു നടപടികളും സ്വീകരിക്കുന്നത്.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ ട്രെയിനിൽനിന്ന് പുറത്താക്കാനും ടിക്കറ്റ് റദ്ദാക്കാനും ഇതിൽ വ്യവസ്ഥയുണ്ട്. റെയിൽവേ ജീവനക്കാർ താക്കീത് നൽകിയിട്ടും ശല്യം ആവർത്തിക്കുകയാണെങ്കിൽ 6 മാസം വരെ തടവോ 5,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.
ടിക്കറ്റ് എക്സാമിനർ (ടിടിഇ) റാങ്കിൽ കുറയാത്ത അധികാരപ്പെട്ട വാണിജ്യ വിഭാഗം ജീവനക്കാർക്കാണ് പിഴ ഈടാക്കാനുള്ള ചുമതലയുള്ളത്.
തീവണ്ടികളിലെ ഉച്ചത്തിലുള്ള സംസാരവും അസ്വസ്ഥത ഉണ്ടാക്കുന്ന റിങ് ടോണുകളും നിയന്ത്രിക്കാൻ 2012ൽ റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയായാണ് ഈ പുതിയ നടപടികൾ വന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

