വിഴിഞ്ഞം മേഖലയിലെ അടിമലത്തുറ തീരവാസികൾക്ക് കൗതുകമായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹൈടെക് ഹോവർക്രാഫ്റ്റുകളുടെ പ്രകടനം. കരയിലും കടലിലും ഒരുപോലെ സഞ്ചരിക്കാൻ ശേഷിയുള്ള ഈ നവീന യാനങ്ങൾ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അടിമലത്തുറ തീരത്ത് എത്തിയത്.
കോസ്റ്റ് ഗാർഡിന്റെ സേവനത്തിലേക്ക് പുതുതായി കൂട്ടിച്ചേർത്ത എച്ച്–561, എച്ച്–562 എന്നീ ഹോവർക്രാഫ്റ്റുകളാണ് തെക്കൻ മേഖലയിലെ വിവിധ സ്റ്റേഷൻ പരിധികളിലെ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞത്ത് എത്തിയത്. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർഭാരത് പദ്ധതിയുടെ ഭാഗമായി ഗോവയിലെ ചൗഗുലെ ഷിപ്യാഡിലാണ് ഈ അത്യാധുനിക യാനങ്ങൾ നിർമിച്ചിരിക്കുന്നത്.
മണിക്കൂറിൽ 96 കിലോ മീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഇവയ്ക്ക് 8 ടൺ വരെ ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട്. കൂടാതെ, ഒരു സമയം 42 സൈനികരെ വീതം ഉൾക്കൊള്ളാനും ഈ ഹോവർക്രാഫ്റ്റുകൾക്ക് സാധിക്കും.
തീരദേശ പട്രോളിങ് ശക്തമാക്കുക, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ആഴം കുറഞ്ഞ കടൽ പ്രദേശങ്ങളിലെ നിരീക്ഷണം ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇവയെ സേനയുടെ ഭാഗമാക്കിയിട്ടുള്ളത്. രണ്ട് ഹോവർക്രാഫ്റ്റുകൾ അടങ്ങിയ ഒരു യൂണിറ്റായാണ് ഇവയുടെ പ്രവർത്തനം.
പ്രേംജിത് സഹോൽസമാണ് ഇതിന്റെ കമാൻഡിങ് ഓഫിസർ. ഓരോ ഹോവർക്രാഫ്റ്റിലും 3 ഓഫിസർമാരും 16 സേനാംഗങ്ങളുമാണ് ഉള്ളത്.
വിഴിഞ്ഞത്ത് എത്തിയ യാനങ്ങളെ സ്റ്റേഷൻ കമാൻഡിങ് ഓഫിസർ സുരേഷ് കുറുപ്പും എക്സിക്യൂട്ടീവ് ഓഫിസർ കമൻഡാന്റ് ബിജു ഫിലിപ്പും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. ഈ അത്യാധുനിക യാനങ്ങൾ ഇന്ന് തൂത്തുക്കുടിയിലേക്ക് യാത്ര തിരിക്കും.
അതേസമയം, തെക്കൻ മേഖലയിലെ തന്ത്രപ്രധാനമായ പ്രതിരോധ കേന്ദ്രമെന്ന നിലയിൽ വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷന് പ്രത്യേക ഹോവർക്രാഫ്റ്റ് യൂണിറ്റ് അനുവദിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകി.
ഇതിനായുള്ള പ്രാഥമിക ഘട്ടമായ ചെറു സ്റ്റേഷൻ സംവിധാനങ്ങൾ ഇവിടെ സജ്ജീകരിക്കുമെന്നും വിവരങ്ങളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

