രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിർത്തിവെച്ചിരുന്ന സ്റ്റോൺ ക്രഷർ യൂണിറ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുൻ എംഎൽഎ ക്രൂരമായി കൊല്ലപ്പെട്ടു.
ബിജെപി മുൻ എംഎൽഎ അതർ സിങ് ഭദാനയാണ് ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭോണ്ട ഗ്രാമത്തിലെ ക്രഷർ യൂണിറ്റ് പരിസരത്തുവെച്ച് ഒരു സംഘം ഗ്രാമീണർ വടികളും കല്ലുകളും ഉപയോഗിച്ച് ഭദാനയെയും കൂട്ടാളിയെയും ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഭദാനയെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പ്രദേശത്തെ മേച്ചിൽപ്പുറങ്ങൾ കയ്യേറി നിയമവിരുദ്ധമായി ഖനനം നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഗ്രാമീണർ രംഗത്ത് വന്നിരുന്നത്.
സംഘർഷമുണ്ടായ ഭോണ്ട ഗ്രാമത്തിൽ അതർ സിങ് ക്രഷർ യൂണിറ്റ് നടത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇവിടെ അദ്ദേഹം സ്ഥലം പാട്ടത്തിനെടുത്ത് ഖനനവും നടത്തിവരികയായിരുന്നു. ഭാര്യയുടെ പേരിലായിരുന്നു ഇദ്ദേഹം ബിസിനസ് നടത്തിയിരുന്നത്.
ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ഈ ക്രഷർ യൂണിറ്റിനെതിരെ ശക്തമായ പ്രതിഷേധത്തിലായിരുന്നു. ക്രഷർ യൂണിറ്റിലേക്കും ഖനന പ്രദേശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങൾ വഴിയാണെന്നാണ് ഗ്രാമവാസികളുടെ പ്രധാന ആരോപണം.
ഇതിനെതിരെ പ്രദേശത്തെ ജനങ്ങൾ നിരന്തരം ധർണയും വഴിതടയൽ സമരങ്ങളും നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുൻ എംഎൽഎക്കെതിരെ ആക്രമണം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003ലാണ് ബയാന നിയമസഭാ മണ്ഡലത്തിൽ നിന്നും രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2008 വരെ ഇദ്ദേഹം നിയമസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

