സംസ്ഥാനത്ത് സ്വർണവിലയിൽ അപ്രതീക്ഷിത കുറവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ ഇതിന് വിപരീതമായി സ്വർണവില താഴ്ന്നത്.
ഇതിന് പ്രധാന കാരണമായത് ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ മുന്നേറ്റമാണ്. യുഎസ് ഡോളറിന്റെയും ക്രൂഡ് ഓയിലിന്റെയും വിലയിടിച്ചും, ചൈനയിൽ നിന്നുള്ള ശക്തമായ ഡിമാൻഡുമാണ് രാജ്യാന്തര തലത്തിൽ സ്വർണത്തിന് തുണയായത്.
ഇന്ന് രാവിലെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞ് 13,840 രൂപയായാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയായി താഴ്ന്നു.
കൂടാതെ, 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,370 രൂപയിലെത്തി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 240 രൂപ എന്ന നിലയിൽ തുടരുന്നു.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4184.98 ഡോളർ എന്ന നിലയിൽ നിന്നും 4216 ഡോളർ വരെയാണ് വില ഉയർന്നത്. യുഎസ് ഡോളർ സൂചിക നഷ്ടത്തിലായതും ചൈനയുടെ വലിയ തോതിലുള്ള സ്വർണ വാങ്ങലുകളുമാണ് ഇതിന് കാരണം.
ഇന്ത്യൻ വിപണിയിൽ സ്വർണവില കുറയാൻ പ്രധാന കാരണമായത് റിസർവ് ബാങ്കിന്റെ ഇടപെടലാണ്. കരുതൽ ശേഖരത്തിൽ നിന്ന് വലിയ തോതിൽ ഡോളർ വിറ്റഴിച്ചുകൊണ്ട് റിസർവ് ബാങ്ക് നടത്തിയ ഇടപെടൽ രൂപയുടെ മൂല്യം മെച്ചപ്പെടുത്താൻ സഹായിച്ചു.
ആഭ്യന്തര സ്വർണവില നിർണയിക്കുന്നതിൽ രൂപയുടെ മൂല്യത്തിന് വലിയ പങ്കുണ്ട്. രൂപ ശക്തി പ്രാപിക്കുകയും ഡോളർ താഴുകയും ചെയ്യുമ്പോൾ ഇറക്കുമതിച്ചെലവ് കുറയുകയും, ഇത് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുകയും ചെയ്യും.
ഇന്ന് രാവിലെ 95.76 ലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഇത് 96.73 ആയിരുന്നു.
രൂപ വരും ദിവസങ്ങളിൽ 94.50 ലേക്ക് മെച്ചപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലെ സ്വർണവില നിർണയിക്കുന്നതിൽ യുഎസിന്റെയും ഇന്ത്യയുടെയും പണപ്പെരുപ്പക്കണക്കുകൾ നിർണായകമാകും.
യുഎസിൽ പണപ്പെരുപ്പം ഉയർന്നാൽ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടാൻ സാധ്യതയുണ്ട്. ഇത് ഡോളറിനും ബോണ്ട് യീൽഡിനും കരുത്ത് പകരുമെന്നതിനാൽ സ്വർണവില ഇടിയാൻ ഇടയാക്കും.
എന്നാൽ പണപ്പെരുപ്പം കുറയുകയാണെങ്കിൽ പലിശനിരക്ക് വർധന ഒഴിവാകുകയും സ്വർണവില വീണ്ടും ഉയരുകയും ചെയ്യും. രാജ്യാന്തര വില 4055-4400 ഡോളർ നിലവാരത്തിൽ ചാഞ്ചാടാനാണ് സാധ്യത.
ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ പവൻ വില വരുന്ന ദിവസങ്ങളിൽ 1.08 ലക്ഷം രൂപയ്ക്കും 1.14 ലക്ഷം രൂപയ്ക്കും ഇടയിൽ മാറിമറിയാനാണ് സാധ്യതയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

