പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് പുതിയ ടൂറിസം സീസൺ ആരംഭിക്കാനിരിക്കെ തീരത്ത് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രൂക്ഷമാകുന്നു. വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന ഹവ്വാ ബീച്ചിലെ നടപ്പാത തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി.
കൂടാതെ ലൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള മറ്റ് ബീച്ചുകളിലെ നടപ്പാതകളും ഭാഗികമായി തകർർന്ന നിലയിലാണ്. സന്ധ്യ കഴിയുന്നതോടെ കോവളം തീരം പൂർണ്ണമായും ഇരുട്ടിലമരുന്ന അവസ്ഥയാണുള്ളത്.
ഇവിടേക്ക് എത്തുന്ന സന്ദർശകർക്കായി കൃത്യമായ ബസ് സർവീസുകളോ യാത്രാ സൗകര്യങ്ങളോ ഇല്ലെന്ന പരാതിയും ശക്തമാണ്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതും സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട്.
സാധാരണയായി സെപ്റ്റംബർ പകുതിയോടെ വിദേശ സഞ്ചാരികൾ എത്തിത്തുടങ്ങാറുണ്ട്. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം മൂലം കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതും ഉയർന്ന വിമാന നിരക്കും സഞ്ചാരികളെ ഇവിടേക്ക് എത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതായി ടൂർ ഓപ്പറേറ്റർമാർ ചൂണ്ടിക്കാണിക്കുന്നു.
സീസണിന്റെ വരവറിയിച്ച് തീരത്ത് വെള്ളമണൽ വിരിക്കുന്ന ജോലികൾ മാത്രമാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. അടുത്ത മാസത്തോടെ വിദേശ സഞ്ചാരികളുടെ വരവിൽ വലിയ വർധന ഉണ്ടാകുമെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ.
അതേസമയം, വിനോദസഞ്ചാര സീസണിന്റെ തിരക്കുകൾക്ക് മുൻപായി തീരത്തെ മുഴുവൻ പരാധീനതകളും പരിഹരിക്കുമെന്ന് ടൂറിസം വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ക്രമരഹിതമായ ബസ് സർവീസ് പ്രതിസന്ധിയാകുന്നു രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ കൃത്യമല്ലെന്ന ആക്ഷേപം ശക്തമാണ്.
മുൻകാലങ്ങളിൽ നഗരത്തിൽ നിന്നും പത്ത് മിനിറ്റിൽ ഒരിക്കൽ ബസ് ലഭിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ മുക്കാൽ മണിക്കൂറിലധികം കാത്തിരുന്നാൽ മാത്രമാണ് ഒരു സർവീസ് എങ്കിലും ലഭിക്കുന്നത്. പാലസ് ജംക്ഷനിലെ സ്റ്റോപ്പിൽ നിന്നും നഗരത്തിലേക്ക് ഒരു ബസ് പുറപ്പെട്ട
ഉടൻ അടുത്തത് എത്തുന്ന രീതിയിലായിരുന്നു മുൻപ് ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത് എന്ന് നാട്ടുകാർ പറയുന്നു. ബസ് സർവീസുകൾ കുറഞ്ഞത് സംബന്ധിച്ച് നിരവധി സഞ്ചാരികളാണ് പരാതിയുമായി എത്തുന്നതെന്ന് കോവളത്തെ ടൂറിസം ഇൻഫർമേഷൻ വിഭാഗം അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്.
എന്നാൽ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സർവീസുകളിൽ യാതൊരു കുറവും വരുത്തിയിട്ടില്ലെന്നും ഇലക്ട്രിക് വിഭാഗം ഉൾപ്പെടെയുള്ള അധിക സർവീസുകൾ സർവീസ് നടത്തുന്നുണ്ടെന്നുമാണ് കെഎസ്ആർടിസി സിറ്റി ഡിപ്പോ അധികൃതർ ഇതിന് മറുപടിയായി അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

