കോട്ടയം ചന്തക്കവലയിൽ നടപ്പാതയിലേക്ക് സ്വകാര്യ ബസ് പാഞ്ഞുകയറി യുവതിയുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച. അപകടത്തെ തുടർന്ന് റോഡിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കർ രാത്രിയിൽ എടുത്തുമാറ്റുകയും പകൽ സമയത്ത് പുനഃസ്ഥാപിക്കുകയും ചെയ്യുന്ന വിചിത്ര നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ സ്പീഡ് ബ്രേക്കറിൽ തടഞ്ഞു വീഴാതിരിക്കാനാണ് ഇത് എടുത്തുമാറ്റുന്നത് എന്നാണ് അധികൃതരുടെ വിചിത്രവാദം. വെള്ളിയാഴ്ച രാത്രി 7 മണിക്ക് അമിതവേഗതയിലെത്തിയ ‘തണ്ടപ്ര’ എന്ന സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നട്ടാശേരി ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അഞ്ജലി (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഈ ദുരന്തത്തിൽ ബസ് കാത്തുനിൽക്കുകയായിരുന്ന മറ്റ് നാല് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ ഒരാളുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
അപകടത്തെ തുടർന്ന് കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ്കുമാർ, ആർടിഒ ഡി.
ജയരാജ്, വെസ്റ്റ് പോലീസ് എന്നിവർ സംയുക്തമായി സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ അപകടസ്ഥലത്തുനിന്ന് 50 മീറ്റർ മാറി സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ ഞായറാഴ്ച രാത്രിയോടെ ഈ സ്പീഡ് ബ്രേക്കർ എടുത്തുമാറ്റുകയായിരുന്നു. ബസുകൾ അടക്കമുള്ള വാഹനങ്ങളുടെ വേഗത കുറച്ച് റോഡിന്റെ ഇടതുവശത്തേക്ക് കൂടുതൽ ചേർക്കുന്ന രീതിയിലാണ് ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നത്.
സാധാരണയായി ഇവിടെയുള്ള യാത്രക്കാർ ബസ് കയറാനായി നടക്കുന്നത് ഇടതുവശത്തുകൂടിയാണ്. വൺവേയിലൂടെ വരുന്ന ബസുകൾ മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ഇടതുവശത്തേക്ക് വെട്ടിക്കുന്നത് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.
ഇതിനിടെ, ഇന്നലെയും ചില ബസുകൾ ഈ ഭാഗത്തുകൂടി അതിവേഗത്തിൽ ചീറിപ്പാഞ്ഞുപോയതായി നാട്ടുകാർ പരാതിപ്പെടുന്നു. ബസേലിയസ് കോളേജ് ജംഗ്ഷൻ മുതൽ ചന്തക്കവല വരെ വാഹനങ്ങളുടെ മത്സരയോട്ടവും അമിതവേഗതയും കർശനമായി നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനകീയ ആവശ്യം.
തകർന്ന കൈവരിയും അവശിഷ്ടങ്ങളും നീക്കിയത് ഞായറാഴ്ച
ചന്തക്കവലയിൽ ബസ് ഇടിച്ചു തകർത്ത ടെലിഫോൺ പോസ്റ്റ്, കേബിളുകൾ, തകർന്ന നടപ്പാതയുടെ കൈവരി എന്നിവ ഒടുവിൽ ഞായറാഴ്ചയാണ് നഗരസഭാ അധികൃതർ നീക്കം ചെയ്തത്. അപകടം നടന്ന് രണ്ട് ദിവസമായിട്ടും അവശിഷ്ടങ്ങൾ അവിടെത്തന്നെ കിടക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
കൂടാതെ, അപകടത്തിൽ പരിക്കേറ്റവരുടെ രക്തം രണ്ട് ദിവസത്തോളം റോഡിൽ തളംകെട്ടിക്കിടന്നതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ട്രാൻസ്ഫോമർ വലിയൊരു അപായസാധ്യത
ചന്തക്കവലയിലെ നടപ്പാതയിൽ നിലനിൽക്കുന്ന കെ.എസ്.ഇ.ബി.
ട്രാൻസ്ഫോമർ ഉടൻ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. അപകടം നടന്ന സ്ഥലത്തിന് 50 മീറ്റർ മാറി ഇതേ വശത്താണ് ഈ ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നത്.
കാൽനടയാത്രക്കാർ ട്രാൻസ്ഫോമറിന്റെ അരികിലെത്തുമ്പോൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.
ഇതേഭാഗം ചേർത്താണ് ബസുകൾ നിർത്തുന്നതും. ഇതിനിടയിലൂടെ വേണം യാത്രക്കാർക്ക് സഞ്ചരിക്കാൻ.
കൂടാതെ, ട്രാൻസ്ഫോമറിലേക്ക് എത്തുന്ന ഏരിയൽ ബഞ്ച്ഡ് കേബിളുകളുടെ ഒരു ഭാഗവും റോഡിനോടു ചേർന്ന് അപകടാവസ്ഥയിൽ കിടപ്പുണ്ട്. ഈ ഭാഗത്ത് പാതയോര കച്ചവടം നടത്തുന്നവർ ഇതിനുമുകളിലാണ് ഇരിക്കുന്നത്.
എന്നാൽ ഈ കേബിളിലൂടെ വൈദ്യുത പ്രവാഹമില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

