കുപ്രസിദ്ധമായ കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതിയായ ലത നായർ പുതിയ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ യുവാവിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നിക്ഷേപ തുകയുടെ നാലിരട്ടി തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ പണം കൈക്കലാക്കിയത്.
കമ്പനി നഷ്ടത്തിലാണെന്നും പണം നിക്ഷേപിച്ചാൽ കമ്പനിയുടെ ബോർഡിൽ അംഗമാക്കാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇന്ദ്രാമേനോൻ എന്ന വ്യാജപേരിലാണ് ലത നായർ യുവാവുമായി പരിചയം സ്ഥാപിച്ചത്.
താൻ കമ്പനിയുടെ ഡയറക്ടറാണെന്നാണ് ഇവർ സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ തന്നെ കബളിപ്പിച്ചത് കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതിയാണെന്ന് യുവാവ് അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ലത നായർക്ക് പുറമെ മൂന്ന് കൂട്ടാളികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അനിൽകുമാർ, സുനിൽകുമാർ, സിന്ധു എന്നിവരാണ് അറസ്റ്റിലായത്.
ഈ കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സമാനമായ രീതിയിൽ മറ്റ് പലരിൽ നിന്നും ലത നായർ പണം തട്ടിയിട്ടുണ്ടെന്നാണ് ഇവർക്ക് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

