അവധി ദിവസമായ ഞായറാഴ്ചയും രാജ്യതലസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ശക്തമായ പ്രക്ഷോഭം അരങ്ങേറി. ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധച്ചൂടിൽ ദില്ലി ഇന്നും സമരഭരിതമായി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാരെയും നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്. പോലീസിന്റെ ഭാഗത്തുനിന്ന് മർദ്ദനമുണ്ടായതായി ജോൺ ബ്രിട്ടാസ് എം പിയും ഇടത് സംഘടന നേതാക്കളും കടുത്ത പരാതി ഉന്നയിച്ചു.
എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, ഫ്രറ്റേണിറ്റി തുടങ്ങി നിരവധി സംഘടനകളാണ് സമരരംഗത്തുള്ളത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ ഇടുങ്ങിയ അറകളുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഐസ നേതാവ് നേഹ ബോറ ആരോപിച്ചു.
മെട്രോ സ്റ്റേഷനുകൾ അടക്കമുള്ളവ തുറന്നു പ്രവർത്തിച്ചതോടെ നിയന്ത്രണങ്ങൾ നീങ്ങുകയും ദില്ലിയിലെ വിവിധ മേഖലകളിൽ പ്രതിഷേധം വീണ്ടും ശക്തമാവുകയും ചെയ്തു. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് സമീപം രാവിലെ 11:30 നാണ് എ ഐ എസ് എഫ്, എസ് എഫ് ഐ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം ആരംഭിച്ചത്.
ഇന്നർ സർക്കിളിലേക്ക് പ്രവേശിച്ച ഉടൻ തന്നെ പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ തുടങ്ങി. ബസ്സുകളിലേക്ക് പ്രവർത്തകരെ വലിച്ച് കയറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
പോലീസിനെ വെട്ടിച്ച് പ്രവർത്തകർ ഓടിയത് ഏറെനേരം ആശങ്ക പരത്തി. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി ഉൾപ്പെടെയുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
ഈ സംഭവവികാസങ്ങൾക്കിടയിലാണ് പോലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ജോൺ ബ്രിട്ടാസ് എം പി കൊണാട്ട് പ്ലേസിൽ എത്തിയത്. പോലീസുമായി ജോൺ ബ്രിട്ടാസ് ഏറെ നേരം വാക്കേറ്റത്തിലും തർക്കത്തിലും ഏർപ്പെട്ടു.
തുടർന്ന് എം പിയേയും പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് വലിച്ചിഴച്ചു കയറ്റുകയായിരുന്നു. കുറച്ചുദൂരം കൊണ്ടുപോയ ശേഷം ഡി സി പിയുടെ നിർദ്ദേശപ്രകാരമാണ് ബ്രിട്ടാസിനെ വഴിയിൽ ഇറക്കിവിട്ടത്.
എന്നാൽ തന്നെ പോലീസ് മർദ്ദിച്ചുവെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. പ്രമുഖ നേതാവ് ആനി രാജ അടക്കമുള്ളവരേയും പോലീസ് ബലം പ്രയോഗിച്ചാണ് വാഹനങ്ങളിൽ കയറ്റിയത്.
എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് മാറ്റിയത് ഇടുങ്ങിയ ഇരുമ്പറകളുള്ള വാഹനങ്ങളിലാണെന്നാണ് പ്രധാന പരാതി. വാഹനത്തിനകത്തുവെച്ചും പോലീസ് മർദ്ദിച്ചതായി നേതാക്കൾ ആരോപിച്ചു.
ആർകെ ആശ്രം മെട്രോ സ്റ്റേഷന് താഴെയാണ് ഐസയുടെയും ഫ്രറ്റേണിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറിയത്. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഫ്രറ്റേണിറ്റിയുടെ മാർച്ചിൽ പങ്കെടുത്തു.
ഐസയുടെ പ്രകടനം തടഞ്ഞ പോലീസ് ഒരു സംഘത്തെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും നേഹാ ബോറയുടെ നേതൃത്വത്തിലുള്ളവർ ഓടിച്ചെന്ന് കൊണാട്ട് പ്ലേസിൽ പ്രതിഷേധം തീർക്കുകയായിരുന്നു. തുടർന്ന് നേഹയെയും കൊണാട്ട് പ്ലേസിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
പലയിടങ്ങളിലും റിപ്പോർട്ടിംഗിനെത്തിയ മാധ്യമപ്രവർത്തകരെയും പോലീസ് പ്രതിഷേധക്കാർക്കൊപ്പം ബസുകളിലേക്ക് ബലം പ്രയോഗിച്ച് കയറ്റിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. അരമണിക്കൂർ കഴിഞ്ഞാണ് മാധ്യമപ്രവർത്തകരെ പിന്നീട് ഇറക്കിവിട്ടത്.
ഇതിനിടയിൽ യൂത്ത് കോൺഗ്രസ്, എൻ എസ് യു ഐ പ്രവർത്തകർ റായ്സീന റോഡിൽ പ്രക്ഷോധം സംഘടിപ്പിച്ചു. ജന്തർ മന്ദറിനകത്തേക്ക് പ്രവേശിക്കാൻ ഇന്നും പോലീസ് അനുമതി നൽകിയില്ല.
എങ്കിലും ജന്തർ മന്ദറിന് തൊട്ടടുത്തുള്ള കൊണാട്ട് പ്ലേസും ആർ കെ ആശ്രം മാർഗുമെല്ലാം പ്രധാന സമര കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയ്ക്കാണ് ദില്ലി സാക്ഷ്യം വഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

