മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്ത് പ്രക്ഷോഭം ശക്തമാകുന്നു. ദില്ലിയിലെ കൊണാട്ട്പ്ലെയ്സിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.
ഇതിനിടെ പ്രദേശത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരേയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിനായി തെരുവിലിറങ്ങിയ സിജെപി, ഇടത് യുവജന സംഘടനാ പ്രവർത്തകരെയാണ് പൊലീസ് നീക്കം ചെയ്തത്.
കൊണാട്ട് പ്ലേസിൽ സിജെപി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോർട്ടുകളുണ്ട്.
സമരത്തിനിടെ എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജിക്ക് പരിക്കേറ്റു. അദ്ദേഹത്തിന്റെ നെറ്റി പൊട്ടിയാണ് പരിക്കേറ്റത്.
ഡിവൈഎഫ്ഐ നേതാവ് ജെയ്ക്കിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എംപിയേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി.
ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റിയ ശേഷം വഴിയിൽ ഇറക്കിവിടുകയായിരുന്നു. പൊലീസ് വാഹനത്തിൽ വെച്ച് തനിക്ക് മർദ്ദനമേറ്റതായി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും പൊലീസ് തടയാൻ ശ്രമിച്ചു. അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം നാളെ മുതൽ വീണ്ടും ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിൻ്റെ തീരുമാനം.
സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തി നിവേദനം നല്‍കാനാണ് ആലോചന. സിജെപിയുടെ സമരം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധത്തിൽ മേൽക്കോയ്മ നിലനിർത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
സിജെപിക്കൊപ്പവും ഇന്ത്യ സഖ്യത്തിനൊപ്പവും പ്രതിഷേധ നിരയിലുണ്ടാകുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ആകാശവാണി ഭവന് വളപ്പിലെ മിന്നല്‍ സമരം, ലഞ്ച് മീറ്റിംഗുകള്‍ക്ക് ശേഷം ജന്തര്‍മന്തറിലേക്ക് നടത്തിയ പ്രതിഷേധം, രാജ് ഘട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗം എന്നിവയ്ക്ക് ശേഷം അടുത്ത ഘട്ടം സമരത്തിലേക്ക് കടക്കുകയാണ് ഇന്ത്യ സഖ്യം.
നാളെ ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരുന്നത്. തുടർന്ന് സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് നീക്കം.
ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നൽകിയതിനൊപ്പം, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടും സമാന ആവശ്യം ഉന്നയിക്കാൻ പദ്ധതിയുണ്ട്. അനുമതി ലഭിക്കുന്നതിൽ വ്യക്തതയില്ലെങ്കിലും നഗരം സ്തംഭിപ്പിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം.
ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും, ഗ്യാനേഷ് കുമാര്‍ രാജി വച്ചേ പിന്നോട്ടുള്ളൂവെന്നും കോൺഗ്രസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

