പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടിയും രമണിയും. കണ്ണൂർ സർവകലാശാലയുടെ ബിഎ ഹിസ്റ്ററി പരീക്ഷയിൽ 60 ശതമാനത്തിലേറെ മാർക്കോടെയാണ് ഇരുവരും വിജയം സ്വന്തമാക്കിയത്.
ചെറുപ്പക്കാർക്കൊപ്പം പരീക്ഷാഹാളിലിരുന്ന് പരീക്ഷയെഴുതി നേടിയ ഈ വിജയം പ്രായത്തെ വെല്ലുന്ന ഇച്ഛാശക്തിയുടെ മികച്ച മാതൃകയായി മാറിയിരിക്കുകയാണ്. പാനൂർ നഗരസഭയിലെ അണിയാരം വലിയപറമ്പത്ത് രമണിയും, പെരിങ്ങാടി പോസ്റ്റ് ഓഫിസിന് സമീപം പ്ലസന്റ് വില്ലയിൽ മമ്മൂട്ടിയുമാണ് ഈ നേട്ടത്തിന് അർഹരായത്.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ കാലഘട്ടം പിന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹം കൈവിടാതെയാണ് ഇരുവരും വീണ്ടും പാഠപുസ്തകങ്ങളിലേക്ക് മടങ്ങിയത്. കൂത്തുപറമ്പ് അക്കാദമി കോളജിലെ പവിത്രൻ മാസ്റ്ററുടെ സിലബസ് ടിപ്പുകളും ചിട്ടയായ പരിശീലനവുമാണ് ഇരുവർക്കും തുണയായത്.
ഒഴിവുസമയങ്ങളിൽ അക്കാദമിയിലെത്തി പഠനം പൂർത്തിയാക്കിയാണ് ഇവർ പരീക്ഷയെ നേരിട്ടത്. ദീർഘകാലം കുവൈത്ത് ടെലി കമ്യൂണിക്കേഷനിൽ ജോലി ചെയ്തിരുന്ന മമ്മൂട്ടി, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് വിദ്യാഭ്യാസം ഗൗരവമായി മുന്നോട്ട് കൊണ്ടുപോയത്.
ഭാര്യ ജമീലയും അഞ്ച് മക്കളും അദ്ദേഹത്തിന്റെ പഠനത്തിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. 2025-ൽ ഇഗ്നോയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ അദ്ദേഹം, എൽഎൽബി പ്രവേശന പരീക്ഷയിലും വിജയം കണ്ടിരുന്നു.
മൂവാറ്റുപുഴയിലെ കോളജിൽ പ്രവേശനത്തിനായി ഫീസടച്ചെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. ഇനി ബിരുദാനന്തര പഠനം തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
അണിയാരം വലിയപറമ്പത്ത് രമണി ചൊക്ലി ഉപജില്ലയിലെ ഒളവിലം നോർത്ത് എൽപി സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ച ശേഷം 2004-ൽ ആണ് വിരമിച്ചത്. തുടർന്നും പഠിക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് അവരെ തുടർ വിദ്യാഭ്യാസ പദ്ധതിയിലേക്ക് നയിച്ചത്.
ഈ മിന്നുന്ന വിജയത്തിന് പാനൂർ നഗരസഭയുടെ ആദരവും തേടിയെത്തിയിട്ടുണ്ട്. ബിരുദ പഠനത്തിനിടയിൽ മൂന്നാം സെമസ്റ്ററിൽ കടുത്ത പനി ബാധിച്ച് മാസങ്ങളോളം വിശ്രമിക്കേണ്ടി വന്നിരുന്നു.
ആ സമയത്ത് പരീക്ഷയെഴുതാൻ സാധിച്ചില്ലെങ്കിലും പഠനം ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. സർവകലാശാല പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകി ഫീസടച്ച് വീണ്ടും പരീക്ഷാഹാളിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
തുടർന്ന് എല്ലാ സെമസ്റ്ററുകളിലും കൃത്യമായി പരീക്ഷയെഴുതിയാണ് അവർ ബിരുദം നേടിയത്. അധ്യാപകനായിരുന്ന ഭർത്താവ് പരിപ്പയിൽ വാസു 1983-ൽ അന്തരിച്ചു.
നാല് ആൺമക്കളും മറ്റ് കുടുംബാംഗങ്ങളും രമണിയുടെ ഈ വിദ്യാഭ്യാസ യത്നത്തിന് എല്ലാവിധ പിന്തുണയും നൽകി ഒപ്പമുണ്ടായിരുന്നു. ബിരുദാനന്തര ബിരുദ പഠനത്തിന് ചേരണമെന്നാണ് രമണിയുടെയും അടുത്ത ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

