യുഎസിലെ ടെന്നീസിയിൽ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ആശുപത്രിവാസത്തിനു ശേഷം തിരികെ ജയിലിൽ എത്തി. സെപ്റ്റംബർ 30 ന് വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിക്കുകയായിരുന്നു.
വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ചിട്ടും മരിക്കാതിരുന്നതോടെ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും ഗവർണർ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും ഒരാഴ്ചയിലധികം ക്രിസ്റ്റ പൈക്കിന് ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയേണ്ടിവന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും ജയിലിലും ക്രിസ്റ്റ പൈക്കിന് തുടർചികിത്സ ഉണ്ടായിരിക്കും.
കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിൽ കഴിയുമ്പോഴും ക്രിസ്റ്റ പൈക്ക് ശ്വാസം എടുത്തിരുന്നു. തുടർന്നാണ് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിൽ കഴിയുമ്പോഴും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിക്കാൻ സാധ്യത കുറവാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്രിസ്റ്റ പൈക്ക് അത്ഭുതകരമായി മരണത്തെ അതിജീവിച്ചതോടെ ടെന്നസിയിലെ വധശിക്ഷാ രീതികളെക്കുറിച്ചുള്ള പുനർവിചിന്തനത്തിനു കളമൊരുങ്ങിയിരിക്കുകയാണ്.
ഈ വർഷം നടപ്പിലാക്കാനിരുന്ന എല്ലാ വധശിക്ഷകളും ഗവർണർ താൽക്കാലികമായി നിർത്തിവച്ചു. വധശിക്ഷ പരാജയപ്പെട്ടതിനു പിന്നാലെ ജയിൽ മേധാവി രാജിവെക്കുകയും ചെയ്തിരുന്നു.
1995 ജനുവരി 12 ന്, തന്റെ 18-ാം വയസ്സിൽ, സഹപാഠിയായ കോളിൻ സ്ലെമ്മർ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിച്ചത്. തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ കൊലപാതകം.
ക്രിസ്റ്റ പൈക്കും കാമുകനും ചേർന്ന് കോളിൻ സ്ലെമ്മറിനെ വിജനമായ പ്രദേശത്തേക്കു വിളിച്ചുവരുത്തി, ബോക്സ് കട്ടറും പാറക്കഷണവും ഉപയോഗിച്ച് നിഷ്ഠുരമായി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ക്രിസ്റ്റ.
യുഎസ് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചത്.

