എക്സാലോജിക് – സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുഹമ്മദ് റിയാസ്, വീണ എന്നിവർക്കൊപ്പം മറ്റ് പ്രതികൾക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് ഉടൻ കേസെടുക്കും.
ഒരു കാലതാമസവും കൂടാതെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർക്ക് കോടതി കർശന നിർദേശം നൽകിയിട്ടുള്ളത്. വിശദമായ വിധി പരിശോധിച്ചതിൽനിന്നും അപ്പീലുമായി മുന്നോട്ടുപോയാൽ കോടതിയിൽനിന്ന് വീണ്ടും തിരിച്ചടി നേരിടേണ്ടിവരുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഉത്തരവിന്റെ പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് കേസെടുത്ത് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. നിലവിൽ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച എസ്ഐടി ഹൈക്കോടതി റദ്ദാക്കുകയും അഴിമതിക്കേസ് അന്വേഷിക്കേണ്ടത് വിജിലൻസ് ആണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) 66(2) വകുപ്പു പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ 25 പേജുള്ള കത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്നു കോടതി നിരീക്ഷിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും ഇ.ഡിയുടെ കണ്ടെത്തലുകളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതിന്റെ നിയപരമായ ആവശ്യകത വിശദീകരിച്ചുകൊണ്ട് ജസ്റ്റിസ് എ.ബദറുദീൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി നൽകിയ കത്തിലെ വിവരങ്ങൾ ഇതുവരെ ബന്ധപ്പെട്ട
സർക്കാർ വകുപ്പുകൾക്കു മാത്രമാണു ലഭ്യമായിരുന്നത്. എന്നാൽ സിഎംആർഎലും എക്സാലോജിക്കും വീണാ വിജയനും തമ്മിലുള്ള പണമിപാടുകളുടെ പൂർണ വിവരങ്ങൾ ഉത്തരവിന്റെ ഭാഗമായതോടെ വിവരങ്ങൾ പരസ്യമായിരിക്കുകയാണ്.
2017 മാർച്ച് 4 ന് വീണയ്ക്ക് 9 ലക്ഷം രൂപ സിഎംആർഎൽ നൽകിയെന്ന ഇ.ഡിയുടെ കണ്ടെത്തൽ ഉത്തരവിലുണ്ട്. തുടർന്ന് നവംബർ വരെ എല്ലാ മാസവും നാലര ലക്ഷമാണു നൽകിയിരിക്കുന്നത്.
ഇതിനിടയിൽ മിക്ക മാസങ്ങളിലും 10.80 ലക്ഷവും 16.20 ലക്ഷവും 5.40 ലക്ഷവും നൽകിയിട്ടുണ്ട്. 2020 ജൂൺവരെയാണ് വീണയ്ക്കു പണം നൽകിയത്.
ഇതിനിടയിൽ എക്സാലോജിക് കമ്പനിക്കും 3.24 ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. ഇതിനു പുറമേ സിഎംആർഎല്ലിന്റെ ഭാഗമായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് എന്ന കമ്പനിയിൽനിന്ന് എക്സാലോജിക്കിനു രണ്ടു തവണ 25 ലക്ഷം രൂപ വീതം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ആകെ 3.28 കോടിയുടെ ഇടപാടുകളാണിത്. ഇതിനു പുറമേ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട
ഇടപാടുകളുടെയും ഹവാല വഴി പണം വിദേശത്തേക്ക് അയച്ചതിന്റെ വിവരങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ.ഡി നൽകിയ ഈ വിവരങ്ങൾ എല്ലാം പരിശോധിക്കുമ്പോൾ കുറ്റാരോപിതർ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തിട്ടുണ്ടെന്ന് അനുമാനിക്കാനുള്ള പ്രാഥമിക വിവരങ്ങൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സാധാരണ നിലയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഇ.ഡി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും പ്രാഥമിക അന്വേഷണം നടത്തേണ്ട
സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കാലതാമസമില്ലാതെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്.
ഡിജിപിയും ഇ.ഡിയും ബന്ധപ്പെട്ട എല്ലാ രേഖകളും ഉടൻ തന്നെ വിജിലൻസ് ഡയറക്ടർക്കു കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമാണ് മുഖ്യമന്ത്രിമാരായിരുന്ന നേതാക്കൾക്കെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസെടുത്തിട്ടുള്ളത്. പാമോയിൽ ഇറക്കുമതി കേസിൽ 2003ൽ മുൻമുഖ്യമന്ത്രി കെ.കരുണാകരനെതിരെ കേസെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

