തൃശൂർ വാടാനപ്പള്ളി ബീച്ചിലെ ഫസൽ നഗറിൽ യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്.
കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്നുപേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. റഹ്മത്ത് നഗർ പണിക്കവീട്ടിൽ മുഹമ്മദ് റാസിൽ (18), 17 വയസ്സുള്ള മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്.
ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ അബ്ദുൽ സലാം (40) ആണ് കൊല്ലപ്പെട്ടത്. രണ്ടു ദിവസം മുൻപാണ് ഫസൽ നഗറിലെ ഒരു പറമ്പിൽ അബ്ദുൽ സലാമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിന് തലേദിവസം രാത്രി ഫസൽ നഗർ ബീച്ചിലെ ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ അബ്ദുൽ സലാം ഉണ്ടായിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇയാളോടൊപ്പം സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പടിയത്ത് വീട്ടിൽ ബിൻഷാദ് (37), മറ്റു രണ്ടുപേർ, കുട്ടികൾ എന്നിവരും ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ ഊർജിത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
വാടാനപ്പള്ളി സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് ബിൻഷാദ്. വിവിധ സ്റ്റേഷനുകളിലായി 37 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ എന്ന് പൊലീസ് അറിയിച്ചു.
കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ബിൻഷാദിനായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ്കുമാർ, വലപ്പാട് സിഐ പി.കെ.
പത്മരാജൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. വാടാനപ്പള്ളി എസ്എച്ച്ഒ എസ്.ഐ.
ഉമേഷ്, ജിഎസ്ഐ അസീസ്, ജില്ലാ റൂറൽ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ മിഥുൻ ആർ. കൃഷ്ണ, പി.എം.
ഷമീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

