ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ 67 കാരനെ കൊലപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ നിർണായക നിയമപോരാട്ടത്തിനൊരുങ്ങി പ്രതിഭാഗം. കേസിൽ കുറ്റാരോപിതരായ മൂന്നു കൗമാരക്കാരെ തെളിവെടുപ്പിനു കൊണ്ടുപോകാൻ അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടിക്കെതിരെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിക്കുന്നത്.
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഈ ഉത്തരവിനെതിരെ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയിരുന്നു. തുടർന്ന് മൂന്നു കൗമാരക്കാരെയും സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഈ ഉത്തരവ് ഭാവിയിൽ സമാനമായ മറ്റു കേസുകളിൽ ഒരു മാതൃകയായി മാറാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കുറ്റാരോപിതരുടെ അഭിഭാഷകർ ഇപ്പോൾ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത കുറ്റാരോപിതരെ ഒരു കാരണവശാലും പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നാണ് ബാലനീതി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.
ഇക്കാരണത്താൽ, തെളിവ് ശേഖരണത്തിനായി കുട്ടികളെ പൊലീസ് കൊണ്ടുപോകുന്നത് (എസ്കോട്ടഡ് മൂവ്മെന്റ്) പൊലീസ് ഓഫിസറുടെ കസ്റ്റഡിയിൽ കൈമാറുന്നതിന് തുല്യമാണെന്നും, ഇത് നിലവിലുള്ള ബാലനീതി നിയമത്തിനും ചട്ടങ്ങൾക്കും തീർത്തും വിരുദ്ധമാണെന്നുമാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ, കേസിന്റെ ഗൗരവ സ്വഭാവവും പ്രതികളായ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവരാണെന്ന വസ്തുതയും പരിഗണിച്ചാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് തെളിവെടുപ്പിന് അനുമതി നൽകിയത്.
പ്രായപൂർത്തിയാകാത്ത കുറ്റാരോപിതരെ മുൻപൊരു കേസിലും കസ്റ്റഡിയിൽ വിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ കസ്റ്റഡി അപേക്ഷയെ ശക്തമായി എതിർത്തിരുന്നു. എന്നാൽ, ഒരു കൊലപാതക കേസിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കുറ്റാരോപിതരും കുട്ടികളാകുന്നത് അത്യപൂർവമായ ഒരു സാഹചര്യമാണെന്നായിരുന്നു അന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
സാധാരണഗതിയിൽ മുതിർന്ന വ്യക്തികൾക്കൊപ്പം കുട്ടികൾ കുറ്റാരോപിതരാകുന്ന കേസുകളിൽ കുട്ടികളെ മാറ്റിനിർത്തിയാലും മറ്റു പ്രതികളെ ഉപയോഗിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ ഈ കേസിൽ എല്ലാ കുറ്റാരോപിതരും കുട്ടികളായതിനാൽ ആ മാർഗ്ഗം സാധ്യമല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
പ്രോസിക്യൂഷന്റെ ഈ വാദങ്ങൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് ആദ്യം ജുവനൈൽ ജസ്റ്റിസ് ബോർഡും പിന്നീട് ഹൈക്കോടതിയും മൂന്നു കൗമാരക്കാരെയും തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയത്. ഈ നിയമനടപടി തെറ്റാണെന്ന് കോടതിയിൽ സ്ഥാപിക്കാനാണ് ഇപ്പോൾ പ്രതിഭാഗത്തിന്റെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

