ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തിൽ, രാജ്യതലസ്ഥാനത്തെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഡൽഹി പൊലീസ് വ്യാപകമായ പരിശോധനകൾ ആരംഭിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ താമസിക്കുന്നവരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്.
ഡൽഹിയിലെ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവ കേന്ദ്രീകരിച്ച് കർശന പരിശോധന നടത്താൻ സുരക്ഷാ വിഭാഗത്തിന് നിർദേശം ലഭിച്ചിട്ടുണ്ട്. താമസക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തിയ റജിസ്ട്രറുകളും ലോഗ് ബുക്കുകളും പൊലീസ് നേരിട്ടെത്തിയാണ് പരിശോധിക്കുന്നത്.
ഒക്ടോബർ 8 നും 11 നും ഇടയിൽ മുറികൾ ബുക്ക് ചെയ്തവർ, വലിയ സംഘങ്ങളായി എത്തിയവർ, പ്രത്യേകിച്ച് 20-30 പ്രായപരിധിയിലുള്ള യുവാക്കൾ എന്നിവരെയാണ് പ്രധാനമായും നിരീക്ഷണ വലയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റൊരാളുടെ പേരിൽ ബുക്ക് ചെയ്ത മുറികളിൽ കഴിയുന്നവരെയും കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചോദ്യം ചെയ്യുന്നുണ്ട്.
പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരെ പ്രാദേശിക പൊലീസ് നിരീക്ഷിക്കുമ്പോൾ, സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന വ്യക്തികളെ കണ്ടെത്താൻ സ്പെഷൽ സെൽ, ക്രൈംബ്രാഞ്ച് തുടങ്ങിയ പ്രത്യേക വിഭാഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠി, സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ എന്നിവർ എവിടെയാണ് താമസിക്കുന്നത് എന്ന് കണ്ടെത്തുകയാണ് ഈ സംഘങ്ങളുടെ പ്രധാന ലക്ഷ്യം.
ഇതിനുപുറമേ, ഡൽഹിയിലേക്ക് ആളുകളെ സംഘടിതമായി എത്തിക്കാൻ സാധ്യതയുള്ള ബസ് സർവീസുകളും പൊലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തുന്ന വലിയ സംഘങ്ങളെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ആരെയും തടഞ്ഞുവച്ചിട്ടില്ലെന്നും മുൻകരുതൽ പരിശോധനകൾ മാത്രമാണ് നടക്കുന്നതെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നു പുറപ്പെട്ട യുവാക്കളെ വഴിമധ്യേ തടയുന്നതായും റിപ്പോർട്ടുകളുണ്ട്.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത എഐഎസ്എഫ് അംഗത്തിന് ഡൽഹി പൊലീസിന്റെ ഫോൺ കോൾ വരികയും, ചോദ്യം ചെയ്തപ്പോൾ ഭീകരവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് ഇയാൾ ഫരീദാബാദിൽ ഇറങ്ങി നാട്ടിലേക്ക് മടങ്ങി.
മറ്റൊരു സംഭവത്തിൽ, പൂണെയിൽ നിന്ന് ഗോവ എക്സ്പ്രസ് വഴി ഡൽഹിയിലേക്ക് പ്രതിഷേധത്തിനായി വരികയായിരുന്ന 21 യുവാക്കളെ ഭോപാലിലെ ഇറ്റാർസിയിൽ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ ഇറ്റാർസിയിലെ ഒരു ഹോട്ടലിലേക്ക് മാറ്റുകയും പൂണെയിലേക്ക് തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

