കണ്ണൂർ ജില്ലയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് ഇരുനൂറ്റിയൻപതിലേറെ അനധികൃത സ്പാ മസാജിങ് കേന്ദ്രങ്ങളാണെന്ന് റിപ്പോർട്ട്. ഗോവ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും പിന്നീട് ബെംഗളൂരു, മംഗളൂരു, മൈസൂരു തുടങ്ങിയ പ്രമുഖ നഗരങ്ങളിലുംമാത്രം കണ്ടിരുന്ന പ്രത്യേകതരം സ്പാ, മസാജ് സെന്ററുകളാണ് ഇപ്പോൾ ജില്ലയിലും വ്യാപകമായിരിക്കുന്നത്.
നഗരങ്ങളുടെ അകത്തും പുറത്തും വൈദ്യുത പോസ്റ്റുകളിലും ചുവരുകളിലും ആളുകൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങൾ വ്യാപകമാണ്. സ്ഥാപനത്തിന്റെ പേരോ വ്യക്തമായ വിലാസമോ ഇല്ലാതെ ഫോൺ നമ്പർമാത്രം നൽകിയാണ് പരസ്യങ്ങൾ പ്രചരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലും സമാനമായ രീതിയിൽ പരസ്യങ്ങൾ നൽകുന്നുണ്ട്. നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ മുക്കിലും മൂലയിലും ഇത്തരം കേന്ദ്രങ്ങൾ കൂണുപോലെ മുളച്ചുപൊങ്ങുകയാണ്.
വാടക വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് യാതൊരുവിധ ലൈസൻസോ അംഗീകൃത പേരുകളോ ഇല്ല. പലയിടത്തും തെറപ്പിസ്റ്റുകളായി നിൽക്കുന്ന സ്ത്രീകളെ നേരിട്ട് കണ്ട് തിരഞ്ഞെടുക്കുന്ന രീതിയാണുള്ളത്.
മസാജിംഗിന് അപ്പുറമുള്ള മറ്റ് സേവനങ്ങളും ഇവിടെ ലഭ്യമാക്കുന്നുണ്ട്. അനധികൃതമായി നടക്കുന്ന ഇത്തരം ഇടപാടുകൾ തടയാൻ പൊലീസ് മുൻകാലങ്ങളിൽ പലയിടത്തും താക്കീതും മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ അടച്ചിട്ട മുറികൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി തെളിയിക്കാൻ കഴിയാത്തതിനാൽ പൊലീസിന്റെ ഇടപെടലുകൾക്ക് പരിമിതികളുണ്ട്.
ഉഭയകക്ഷി സമ്മതപ്രകാരമാണ് ഒത്തുകൂടിയതെന്ന് തെറപ്പിസ്റ്റും ഉപഭോക്താവും കോടതിയെ ബോധിപ്പിച്ചാൽ പൊലീസ് പ്രതിസന്ധിയിലാകും. ഇത് തെളിയിക്കുക എന്നത് പലപ്പോഴും ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
വടക്കു–കിഴക്കൻ സംസ്ഥാനങ്ങൾ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മസാജ് സെന്ററുകളിലെ തെറപ്പിസ്റ്റ് വേഷങ്ങളിൽ കൂടുതലുമുള്ളത്. ഇതിനുപുറമേ ബംഗ്ലാദേശിൽ നിന്നുള്ള യുവതികൾ ബംഗാളികളാണെന്ന വ്യാജേന പാസ്പോർട്ടോ വീസയോ ഇല്ലാതെ ഇവിടെ ജോലി ചെയ്യുന്നതായും വിവരങ്ങളുണ്ട്.
എങ്ങനെയെങ്കിലും പണം സമ്പാദിക്കാനുള്ള മാർഗമെന്ന നിലയിൽ സ്വന്തം ഇഷ്ടപ്രകാരം ഈ വഴി തിരഞ്ഞെടുക്കുന്നവരുണ്ട്. എന്നാൽ മറ്റു ചിലർ ഏജുന്റുമാരുടെ ചതിക്കുഴിയിൽ അകപ്പെട്ടവരാണ്.
ഇവരിൽ പലർക്കും തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. എങ്കിലും ഉപഭോക്താക്കളിൽ നിന്നു ലഭിക്കുന്ന ‘ടിപ്’ ആണ് ഇവരുടെ പ്രധാന വരുമാനം.
ചികിത്സ, ആരോഗ്യപരിപാലനം, വെൽനെസ് എന്നീ മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ നൽകുന്ന ഒന്നാണ് സ്പാ വ്യവസായം. മസാജിനായി കൃത്യമായ പരിശീലന കോഴ്സുകളും ശാസ്ത്രീയമായ നിർദേശങ്ങളും നിലവിലുണ്ട്.
ഔദ്യോഗികമായി റജിസ്റ്റർ ചെയ്ത് അംഗീകാരത്തോടും ആധികാരികതയോടും കൂടി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അനധികൃതമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ ഇത്തരം ശാസ്ത്രീയ പരിശീലനങ്ങളോ ആധികാരികതയോ ഉണ്ടാകാറില്ല.
ശരീരത്തിലെ ഉഴിച്ചിലിന് മർദത്തിലും ദിശയിലുമൊക്കെ കൃത്യമായ കണക്കുകളുണ്ട്. ഇതൊന്നും അറിയാത്തവരാണ് വ്യാജ തെറപ്പിസ്റ്റുകളായി രംഗത്തുവരുന്നത്.
തദ്ദേശ സ്ഥാപനങ്ങളാണ് വെൽനെസ് സെന്റർ എന്ന നിലയിൽ സ്പാ സെന്ററുകൾക്ക് ലൈസൻസ് നൽകേണ്ടത്. ഇതിനായി നിരവധി കർശന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
തെറപ്പിസ്റ്റ് ജോലി ചെയ്യുന്നയാൾ നിശ്ചിത യോഗ്യത നേടിയിരിക്കണമെന്നതാണ് ഇതിൽ പ്രധാനം. കൂടാതെ പകർച്ചവ്യാധികൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുന്ന ആരോഗ്യ സർട്ടിഫിക്കറ്റും ആവശ്യമാണ്.
ആയുഷ് വകുപ്പ് അംഗീകരിച്ച കോഴ്സുകൾ പാസായവർക്ക് മാത്രമാണ് സ്പാ, മസാജ് കേന്ദ്രങ്ങൾ നടത്തുവാൻ ലൈസൻസ് അനുവദിക്കുന്നത്. മസാജ് കേന്ദ്രങ്ങളിലെ ചികിത്സാ രീതികൾ ആയുർവേദ രീതിപ്രകാരമുള്ളതായിരിക്കണം.
ലൈസൻസ് നേടാനുള്ള കോഴ്സുകൾ ഉൾപ്പെടെയുള്ളവ ആയുഷ് വകുപ്പിന് കീഴിലാണ് വരുന്നത്. ഇതേതുടർന്നാണ് ആയുഷ് വകുപ്പുമായി ചേർന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ കർശനമാക്കിയിരിക്കുന്നത്.
ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് മാത്രമാണ് ലൈസൻസിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. കച്ചവട
സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വാണിജ്യ കെട്ടിടങ്ങളിൽ മാത്രമേ ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കാൻ പാടുള്ളൂ. കൂടാതെ കൃത്യമായ മാലിന്യ നിർമാർജന സംവിധാനവും ഇവിടെ ഉണ്ടായിരിക്കണം.
പൊതുസ്ഥലങ്ങളിലെ ചുമരുകൾ, മതിൽ, പാലം, വൈദ്യുത പോസ്റ്റ്, സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിക്കുന്നതിന് കർശന വിലക്കുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ കൃത്യമായ അനുമതി വാങ്ങി ഫീസ് അടച്ചതിനുശേഷം മാത്രമേ പോസ്റ്ററുകൾ പതിക്കാൻ പാടുള്ളൂ.
ഇത്തരത്തിൽ പതിക്കുന്ന പോസ്റ്ററുകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മുദ്ര ഉണ്ടായിരിക്കണം. സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളുടെ മതിലുകളിൽ പോസ്റ്ററുകൾ ഒട്ടിക്കുന്നതിന് ഉടമയുടെ മുൻകൂർ അനുമതി നിർബന്ധമാണ്.
റോഡുകൾ, നടപ്പാതകൾ, ഗതാഗത സുരക്ഷ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ യാതൊരുവിധ ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കാൻ പാടില്ല. അനധികൃതമായി പതിക്കുന്ന പോസ്റ്ററുകൾ നീക്കം ചെയ്യാനും ഇതിനായി വരുന്ന ചെലവും പിഴയും ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പൂർണ്ണ അധികാരമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

