പത്തനംതിട്ട ജില്ലയിൽ സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പാർട്ടിക്ക് ഉള്ളിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവരുന്നു.
വർഷങ്ങളായി പാർട്ടിക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നവർക്ക് അർഹമായ പരിഗണന നൽകാതെ, അടുത്തിടെ മാത്രം പാർട്ടിയിലെത്തിയ മുൻ ബിജെപി നേതാവിന് ഉയർന്ന പദവി നൽകിയതിനെച്ചൊല്ലിയാണ് വ്യാപക അമർഷം പുകയുന്നത്. ഏഴ് വർഷം മുൻപ് മാത്രം പാർട്ടിയിലേക്ക് എത്തിച്ചേർന്ന എസ്.കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയ നടപടിയാണ് അണികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
2020 വരെ പന്തളത്ത് ബിജെപിക്കായി സജീവമായി രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് കൃഷ്ണകുമാർ. ബിജെപി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം പന്തളം മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
തുടർന്ന് 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന ഇദ്ദേഹം, അധികം വൈകാതെ സിപിഎമ്മിലേക്ക് ചേക്കേറുകയായിരുന്നു. പാർട്ടിയിലെത്തി രണ്ട് വർഷം തികയുന്നതിന് മുൻപ് തന്നെ ഇദ്ദേഹത്തെ ഏരിയ കമ്മിറ്റിയംഗമാക്കി ഉയർത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ജില്ലാ കമ്മിറ്റിയിലേക്കും എത്തിച്ചിരിക്കുന്നത്. ദീർഘകാലമായി പാർട്ടിയെ സേവിച്ചുകൊണ്ടിരിക്കുന്ന ഒട്ടനവധി നേതാക്കളും പ്രവർത്തകരുമുള്ള പ്രദേശത്തുനിന്ന് അവരെ തഴഞ്ഞ്, എതിർകാംപിൽ നിന്ന് സമീപകാലത്ത് എത്തിയ ഒരാൾക്ക് ഇത്രയും വലിയ പദവി നൽകിയതാണ് കീഴ്ഘടകങ്ങളിലെ പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.
മുൻ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് കൃഷ്ണകുമാറിന് ഈ പദവി ലഭിച്ചതെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ആരെയും പരിഗണിക്കാതിരുന്നതിലും പാർട്ടിയിൽ വലിയ തോതിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്.
പന്തളത്ത് അടുത്തിടെ ‘സേവ് സിപിഎം’ എന്ന പേരിൽ ലഘുലേഖകൾ പ്രചരിച്ചിരുന്നത് ഈ വിഭാഗീയതയുടെ ആഴം വ്യക്തമാക്കുന്നതാണ്. പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലിലെ ട്യൂഷൻ അധ്യാപികമാരുടെ ഒഴിവിലേക്ക് മുൻ ബിജെപി ഭരണസമിതി നിയമിച്ച അതേ വ്യക്തികളെത്തന്നെ നിലവിലെ സിപിഎം ഭരണസമിതിയും നിലനിർത്തിയത് പാർട്ടി കുടുംബങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്.
പന്തളം നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ചുരുങ്ങിയകാല പ്രവർത്തന പരിചയമുള്ള ഒരാൾക്ക് ജില്ലാ കമ്മിറ്റിയിൽ ഇടം ലഭിച്ചതാണ് അണികളെ വീണ്ടും രോഷം കൊള്ളിക്കുന്നത്.
അതേസമയം, ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണത്തിലും കടുത്ത പക്ഷപാതിത്വം നടന്നിട്ടുണ്ടെന്ന ആക്ഷേപമുണ്ട്. എംഎൽഎയോടുള്ള വ്യക്തിപരമായ എതിർപ്പാണ് ചില പ്രമുഖരുടെ സെക്രട്ടേറിയറ്റ് പ്രവേശനത്തിന് തടസ്സമായതെന്നാണ് മറ്റൊരു പ്രധാന ആരോപണം.
കോന്നിയിൽ മത്സരിക്കാൻ തയ്യാറെടുത്തിരുന്ന മുൻ ജില്ലാ സെക്രട്ടറിക്കെതിരെ കെ.യു. ജനീഷ് കുമാർ എംഎൽഎ രംഗത്തുവന്നിരുന്നു.
താനല്ലാതെ മറ്റാര് മത്സരിച്ചാലും മണ്ഡലത്തിൽ വിജയം കാണില്ലെന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകിയതാണ് മുൻ സെക്രട്ടറിയുടെ സെക്രട്ടേറിയറ്റ് പ്രവേശനത്തിന് തിരിച്ചടിയായത്. അടൂർ ലോബിയുടെ രാഷ്ട്രീയ നീക്കങ്ങളെ എതിർക്കുന്ന നിലപാടാണ് എംഎൽഎ സ്വീകരിച്ചിരുന്നത് എന്നതും ഈ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

